Kerala
ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആഗസ്റ്റ് നാലു വരെ മഞ്ഞ ജാഗ്രതയുള്ളത്.
തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആഗസ്റ്റ് നാലു വരെ മഞ്ഞ ജാഗ്രതയുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി നിലവിലുണ്ട്. ഇതിനു പുറമെ പശ്ചിമ ബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി ന്യൂമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഇന്നും നാളെയും ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, നദികള്‍ കേന്ദ്രീകരിച്ച് നേരത്തെ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് ജാഗ്രത പിന്‍വലിച്ചു. മൂന്ന് സ്റ്റേഷനുകളില്‍ മഞ്ഞ ജാഗ്രതയാണ് നിലവിലുള്ളത്. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍, ഗായത്രി, കീച്ചേരി നദികളിലാണ് കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. ഈ നദികളുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രതയ്ക്കും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകള്‍ മാറിനില്‍ക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു.