Kerala
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചക്രവാതച്ചൂഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.