Connect with us

Kerala

കനത്ത മഴ: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു; ഡാമുകള്‍ തുറന്നു

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.

Published

|

Last Updated

തൃശൂര്‍|കനത്ത മഴയെതുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നതായും കലക്ടര്‍ അറിയിച്ചു. പീച്ചി ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ 150 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. മഴ തീവ്രമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. വാഴാനി ഡാമിന്റെ നാലു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.

പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകള്‍ 8 സെന്റീമീറ്റര്‍ വീതവും തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴ് ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്. ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അതിന്റെ ഭാഗമായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എല്ലാവരോടും ക്യാമ്പിലേക്കു മാറാന്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ആരും ജലാശയത്തിന് സമീപത്തേ പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

 

 

---- facebook comment plugin here -----

Latest