Connect with us

National

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; മരണം 33

ഇരുസംസ്ഥാനങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി അറിയിച്ചു

Published

|

Last Updated

ഹൈദരാബാദ് | ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം. 33 മരണം റിപ്പോര്‍ട്ടു ചെയ്തു. തെലങ്കാനയില്‍ 16പേരും ആന്ധ്രപ്രദേശില്‍ 17 പേരുമാണ് മരിച്ചത്.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.രണ്ട് സംസ്ഥാനങ്ങളിലും നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ വിളകള്‍ വെള്ളത്തിനടിയിലായി. ആളുകള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി പാടുപെടുകയാണ്, രക്ഷാപ്രവര്‍ത്തനവും പുനരധിവാസ ശ്രമങ്ങളും തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അതത് പ്രദേശങ്ങളിലെ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ആന്ധ്രപ്രദേശില്‍ 163 ദുരിതാശ്വാസ ക്യാമ്പുകളിലായി 43,417 പേരെ മാറ്റിപാര്‍പ്പിച്ചു. മഴക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  5,000 കോടിയിലധികം രൂപയുടെ നാശനഷ്ടം സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ടെന്നും 2,000 കോടി രൂപയുടെ അടിയന്തര സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു.

തെലങ്കാനയിലെ ജയശങ്കര്‍ ഭൂപ്പാലപ്പള്ളി,കൊമാര ഭീം,മഞ്ചേരിയില്‍ ,മുലുഗു എന്നീ പ്രദേശങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അതേസമയം ഇരുസംസ്ഥാനങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി അറിയിച്ചു

Latest