National
ആന്ധ്രയില്‍ കനത്ത മഴ; എട്ട് മരണം
ഞായറാഴ്ചയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

അമരാവതി |ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ ആന്ധ്രാപ്രദേശില്‍ വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടങ്ങളിലും കുടുങ്ങി കിടന്ന എണ്‍പതിലധികം പേരെ രക്ഷപ്പെടുത്തി.
ശനിയാഴ്ച രാവിലെ മുതല്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സംസ്ഥാനത്തെ സ്ഥിതിഗതികളും മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നായിഡു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അടിയന്തിര സഹായമായി അദ്ദേഹം എല്ലാ ജില്ലകള്‍ക്കും മൂന്ന് കോടി രൂപ വീതം അനുവദിക്കുകയും ചെയ്തു.
ഞായറാഴ്ചയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.