gujarath
ഗുജറാത്തില്‍ കനത്ത മഴ; മൂന്നു ദിവസത്തിനുള്ളില്‍ 28 മരണം
ട്രാക്ടര്‍ ട്രോളി ഒഴുകിപ്പോയതിനെ തുടര്‍ന്ന് കാണാതായ ഏഴുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദ് | ഗുജറാത്തില്‍ കനത്തമഴയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 28 പേര്‍ മരിച്ചു. വെള്ളപ്പൊക്കം ബാധിച്ച 18,000 ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 11 ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മോര്‍ബി ജില്ലയിലെ ധവാന ഗ്രാമത്തിന് സമീപം കവിഞ്ഞൊഴുകുന്ന കോസ്വേ മുറിച്ചുകടക്കുന്നതിനിടെ ട്രാക്ടര്‍ ട്രോളി ഒഴുകിപ്പോയതിനെ തുടര്‍ന്ന് കാണാതായ ഏഴുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ ഉറപ്പ് നല്‍കി. വഡോദരയില്‍ മഴ ശമിച്ചെങ്കിലും വിശ്വാമിത്രി നദി കരകവിഞ്ഞ് ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി.
സംസ്ഥാനത്തുടനീളമുള്ള നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. ആഗസ്റ്റ് 30ഓടെ ന്യൂനമര്‍ദം കച്ച്, സൗരാഷ്ട്ര മേഖലകളില്‍ നിന്ന് അറബിക്കടലിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവകുപ്പിന്റെ പ്രവചനം.