Kerala
കോട്ടയത്ത് ശക്തമായ മഴ: വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗത തടസ്സം
ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം|കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. വിവിധ സ്ഥലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. പുതുപ്പള്ളി കൊട്ടരത്തില്‍ കടവില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു. പാലായിലും കാഞ്ഞിരപ്പള്ളിയിലും മറ്റു കിഴക്കന്‍ ഭാഗങ്ങളിലും മഴ തുടരുന്നുണ്ട്. കൂവപ്പള്ളിയില്‍ ഇന്നലെ റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കോട്ടയം ഏറ്റുമാനൂര്‍ നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
കോട്ടയം നഗരഭാഗത്ത് ഒരു മണിക്കൂറില്‍ അധികമായി ശക്തമായ ഇടവിട്ട മഴ പെയ്തത് വെള്ളം ഉയരാന്‍ കാരണമായി. വ്യാപാര കേന്ദ്രങ്ങളില്‍ വെള്ളം കയറി. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. എംസി റോഡില്‍ അടക്കം വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡ്, പോസ്റ്റ് ഓഫrസ് ജംഗ്ഷന്‍ തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറി. പേരൂര്‍ കവലയിലും പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും രണ്ടടിക്ക് മുകളില്‍ വെള്ളം ഉയര്‍ന്നു.
ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴയെത്തുടര്‍ന്ന് ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകളില്‍ ഓരോ ക്യാമ്പുകളാണ് തുറന്നത്. രണ്ടു ക്യാമ്പുകളിലായി നാലു കുടുംബങ്ങളിലെ 16 പേരുണ്ട്.