rain
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
95 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട ചുഴലിക്കാറ്റിന്റെ ശക്തി പുലര്‍ച്ചെയോടെ കുറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം | ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ മഴമുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നും തുടരും. ഗുലാബ് ചുഴലിക്കാറ്റ് വടക്ക്പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങിയിരിക്കുകയാണ്. 95 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട ചുഴലിക്കാറ്റിന്റെ ശക്തി പുലര്‍ച്ചെയോടെ കുറഞ്ഞിട്ടുണ്ട്.
അതേ സമയം ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിഞ്ഞു. വലിയ പാറകള്‍ റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. ബൈസണ്‍വാലിക്ക് പോകുന്ന ജംക്ഷനില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണ് രാത്രി 11 മണിയോടെ മലയിടിച്ചിലുണ്ടായത്.