National
നേപ്പാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു; ഒരു മരണം
ത്രിശൂല്‍ നദിയിലേക്കാണ് ബസുകള്‍ മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

കാഠ്മണ്ഡു|നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ബസിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോകുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ത്രിശൂല്‍ നദിയിലേക്കാണ് ബസുകള്‍ മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.
നേപ്പാളിലെ മദന്‍ – ആശ്രിദ് ദേശീയപാതയിലായില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസുകളിലുമായി 66 പേര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. അപകടസമയത്ത് ബസില്‍ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്.
കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുണ്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തെ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അനുശോചിച്ചു.
മണ്ണിടിച്ചില്‍ മൂലം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേപ്പാളിന്റെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.