Connect with us

Kerala

തെക്കന്‍ കേരളത്തില്‍ മഴ ശക്തം: ഒരു മരണം; ഏഴ് പേര്‍ക്ക് മിന്നലേറ്റു

മിന്നലേറ്റ് വീട് തകര്‍ന്ന് വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

ഇടുക്കി / പത്തനംതിട്ട / കോട്ടയം | വേനല്‍ മഴ ശക്തമായതോടെ തെക്കന്‍ കേരളത്തില്‍ കെടുതി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഉച്ച മുതല്‍ മഴ തിമര്‍ത്ത് പെയ്തത്. ഇടുക്കിയില്‍ കല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പത്തനംതിട്ടയില്‍ ഇടിമിന്നലേറ്റ് ഏഴ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. വിവിധയിടങ്ങളില്‍ വെള്ളം കയറി നാശം സംഭവിച്ചു.

ഇടുക്കി അയ്യപ്പന്‍ കോവിലിലാണ് വേനല്‍ മഴയില്‍ കല്ല് ഉരുണ്ട് ദേഹത്ത് വീണ് തൊഴിലാളി മരിച്ചത്. തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് വീഴുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീട് ഇടിമിന്നലേറ്റ് തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. മൂന്ന് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിന് സമീപത്തെ കനറാ ബേങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. അഗ്നിശമന സേനാംഗങ്ങളെത്തി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കളഞ്ഞു.