Connect with us

chennai rain

തെക്കന്‍ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ; കന്യാകുമാരി, വിവേകാനന്ദ പാറ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ വിലക്കി

കേരളത്തിലേക്കുള്ളത് അടക്കം തിരുനെല്‍വേലി വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി.

Published

|

Last Updated

ചെന്നൈ | തെക്കന്‍ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴയില്‍ രണ്ട് പേര്‍ മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും രംഗത്തിറങ്ങി. മലയാളികള്‍ ധാരാളമെത്തുന്ന കന്യാകുമാരി, വിവേകാനന്ദ പാറ അടക്കം തെക്കന്‍ തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ വിലക്കി.

റെയില്‍വേ ട്രാക്കിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ളത് അടക്കം തിരുനെല്‍വേലി വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഒരു വര്‍ഷം ആകെ കിട്ടുന്ന മഴയാണു തിരുനെല്‍ വേലിയില്‍ ഒറ്റ ദിവസം പെയ്തത്. വര്‍ഷം പരമാവധി 70 സെന്റീ മീറ്റര്‍മഴ പെയ്യുന്ന തിരുച്ചെന്തൂര്‍, കായല്‍പട്ടണത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെട്ടത് 95 സെന്റി മീറ്റര്‍ മഴയാണ്.

തിരുനെല്‍വേലി ജംഗ്ഷനും റെയില്‍വേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തില്‍ മുങ്ങി. കലക്ടറേറ്റ് ജീവനക്കാരെ ബോട്ടുകളിലാണ് പുറത്തെത്തിച്ചത്. താമരഭരണി അടക്കം നദികള്‍ കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകള്‍ അതിവേഗം നിറയുന്നതും ആശങ്ക ഉയര്‍ത്തി. പ്രസവം അടുത്ത യുവതികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

തെങ്കാശി, കന്യാകുമാരി, വിരുദ് നഗര്‍, മധുര, തേനി ജില്ലകളിക്കും നാളെ പുലര്‍ച്ചെ വരെ ശക്തമായ മഴ പെയ്യുമെന്നു മുന്നറിയിപ്പുണ്ട്.

---- facebook comment plugin here -----

Latest