National
തമിഴ്നാട്ടില്‍ കനത്ത മഴ; ട്രെയിനുകള്‍ റദ്ദാക്കി
വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചെന്നൈ| തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ കനത്ത മഴ. വ്യാപകമായ വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവാരൂര്‍ ജില്ലയിലെയും പുതുച്ചേരിയിലെ കാരയ്ക്കലിലെയും സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗര്‍, തൂത്തുക്കുടി, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഐഎംഡി പ്രവചിച്ചതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നീലഗിരി മൗണ്ടന്‍ റെയില്‍വേയുടെ കല്ലാറിനും കൂനൂരിനും ഇടയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞ് മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നവംബര്‍ 16 വരെ രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. മേട്ടുപ്പാളയത്തുനിന്ന് ഉദഗമണ്ഡലം വരെയും തിരിച്ചും ഓടുന്ന 06136, 06137 എന്നീ പാസഞ്ചര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ നവംബര്‍ 10 മുതല്‍ നവംബര്‍ 16 വരെ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.
മധുര, കോയമ്പത്തൂര്‍, തൂത്തുക്കുടി തുടങ്ങി നിരവധി നഗരങ്ങളില്‍ വ്യാഴാഴ്ച രൂക്ഷമായ വെള്ളക്കെട്ടുകളാണ് ഉണ്ടായത്. കോയമ്പത്തൂരിലെ കുഞ്ഞപ്പ-പനായിക്ക് സമീപം റോഡിലും കോത്തഗിരി മേട്ടുപ്പാളയം മേഖലയില്‍ മേട്ടുപ്പാളയം ഹൈവേയിലും മണ്ണിടിഞ്ഞു. കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര, തേനി, ദിണ്ടിഗല്‍ ജില്ലകളിലാണ് വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.