From the print
തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴ; പത്ത് മരണം
ആന്ധ്രയിൽ പോലീസിന്റെയും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
ഹൈദരാബാദ് | ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴക്കിടെ അപകടങ്ങളിൽ പത്ത് മരണം. ആന്ധ്രയിൽ ഒന്പത് പേരും തെലങ്കാനയിൽ ഒരാളുമാണ് മരിച്ചത്.
ആന്ധ്രയിൽ പോലീസിന്റെയും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തി. രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടങ്ങളിലും വീടുകളും വാഹനങ്ങളും മുങ്ങി. വിജയവാഡ റൂറൽ മണ്ഡലത്തിലെ അംബാപുരം, നൈനാവരം, നുന്ന ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇരുപതിലധികം ട്രെയിനുകൾ റദ്ദാക്കുകയും മുപ്പതിലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
അയൽസംസ്ഥാനമായ തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. മഹബൂബാബാദിൽ യുവശാസ്ത്രജ്ഞനെ വെള്ളപ്പൊക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ പിതാവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഹൈദരാബാദിലടക്കം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു.