Kerala
ശക്തമായ മഴ: ശബരിമല തീര്‍ഥാടകര്‍ക്ക് നദികളിലിറങ്ങുന്നതിനും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം
അതിശക്തമായ മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിരോധനം.
പത്തനംതിട്ട| പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി ശബരിമല തീര്‍ഥാടകര്‍ നദികളിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിറക്കി. അതിശക്തമായ മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിരോധനം.
ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
അണക്കെട്ടുകളില്‍ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ല.