National
കനത്ത മഴ: തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
പുതുച്ചേരിയില്‍ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ| അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. ചെന്നൈ, ചെങ്കല്‍പ്പട്ട്, കടലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയായിരിക്കും.
പുതുച്ചേരിയില്‍ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുന്ന ‘ഫെംഗല്‍’ ചുഴലിക്കാറ്റ് അടുത്ത 2-3 ദിവസത്തേക്ക് തമിഴ്നാട്ടിലെ തീരദേശ ജില്ലകളില്‍ കനത്തതോ മിതമായതോ ആയ മഴക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി എന്നിവരുടെ നേതൃത്വത്തില്‍ മഴ നേരിടാനുള്ള തയാറെടുപ്പുകള്‍ വിലയിരുത്തി.