Connect with us

Kerala

കനത്ത മഴ;റോഡും താല്‍ക്കാലികമായി നിര്‍മിച്ച പാലവും വെള്ളത്തിനടിയിലായി, 80 കാരന്റെ മൃതദേഹം ഏറെ പണിപ്പെട്ട് കരക്കെത്തിച്ച് ബന്ധുക്കള്‍

വര്‍ഷത്തില്‍ ആറുമാസത്തിലധികവും തങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നത്

Published

|

Last Updated

തിരുവല്ല | കനത്തു പെയ്ത മഴയില്‍ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താല്‍ക്കാലികമായി നിര്‍മിച്ച പാലവും വെള്ളത്തിന് അടിയിലായതിനെ തുടര്‍ന്ന് 80 കാരന്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് ഏറെ പണിപ്പെട്ട് കരയ്ക്ക് എത്തിക്കേണ്ടി വന്നു. തിരുവല്ലയിലെ വേങ്ങലിലാണ് സംഭവം.

പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വേങ്ങല്‍ ചാലക്കുഴി ചാന്തുരുത്തില്‍ വീട്ടില്‍ ജോസഫ് മാര്‍ക്കോസിന്റെ മൃതദേഹമാണ് വേങ്ങല്‍ പാരൂര്‍ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കല്‍ ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് സംസ്‌കാര ചടങ്ങിനായി കരയ്ക്ക് എത്തിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് പാടശേഖരത്തിന് മധ്യത്തിലെ തുരുത്തില്‍ താമസിച്ചിരുന്ന ജോസഫ് മര്‍ക്കോസ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്.തുടര്‍ന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് 300 മീറ്ററോളം ദൂരവും നാലടിയോളം വീതിയുള്ള റോഡ് വെള്ളത്തിന് അടിയിലായി. ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ തെങ്ങിന്‍ തടിയും ഇരുമ്പ് പാളിയും ഉപയോഗിച്ച് 150 മീറ്ററോളം നീളത്തില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചു.

വെള്ളിയാഴ്ച പകലും രാത്രിയുമായി പെയ്ത ശക്തമായ മഴയില്‍ താല്‍ക്കാലികമായി നിര്‍മിച്ച പാലവും വെള്ളത്തിന് അടിയിലായി. സംസ്‌കാര ചടങ്ങുകള്‍ക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ട് താണ്ടി വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ പെരുന്തുരുത്തി സെന്റ് പീറ്റേഴ്സ് സിഎസ്ഐ പള്ളിയിലെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കടന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു.

അഞ്ച് കുടുംബങ്ങളാണ് തുരുത്തില്‍ താമസിക്കുന്നത്. വര്‍ഷത്തില്‍ ആറുമാസത്തിലധികവും തങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. മഴക്കാലത്ത് റോഡ് വെള്ളത്തില്‍ മുങ്ങുന്നതോടെ രോഗബാധിതരാവുന്ന പ്രായാധിക്യം ഏറിയവരെ കസേരയില്‍ ഇരുത്തി വെള്ളക്കെട്ട് നീന്തി കടന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നതെന്ന് തുരുത്തിലെ താമസക്കാര്‍ പറഞ്ഞു. റോഡ് ഉയര്‍ത്തി നിര്‍മിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ഭാഗത്തു നിന്നും ഉയരുന്ന ആവശ്യം.

 

Latest