Connect with us

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മുന്നറിയിപ്പ്

ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഞ്ഞ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വടക്കന്‍ കേരളത്തിന് സമീപം അറബിക്കടലിലുള്ള ന്യൂനമര്‍ദ്ദം ദുര്‍ബലമായിട്ടുണ്ട്. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ‘റിമാല്‍’ ചുഴലിക്കാറ്റ് രൂപപ്പെടും. മണിക്കൂറില്‍ 80 കി. മീ വേഗത പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ കൂടുതല്‍ ശക്തിയാര്‍ജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.

മണിക്കൂറില്‍ 120 കി.മീ. വരെയും പിന്നീട് 130 കി.മീ. വരെയും കാറ്റ് വേഗതയാര്‍ജിക്കും. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ”റിമാല്‍’ നാളെ വൈകിട്ടോടെ ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണില്‍ രൂപപ്പെടുന്ന ആദ്യചുഴലിക്കാറ്റാണ് റിമാല്‍. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഈ മാസം 31 ന് എത്തുമെന്ന് അറിയിച്ച കാലവര്‍ഷം അതിന് മുന്‍പ് തന്നെ കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് വേനല്‍ കാലത്ത് ലഭിക്കേണ്ടതില്‍ കൂടുതല്‍ മഴയാണ് ഇത്തവണ ലഭിച്ചത്.

അതേസമയം സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജാഗ്രതാ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. വേനല്‍ മഴയുടെ അളവ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയുടെ ഭാഗമായുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. കേരളത്തിലെ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നും മന്ത്രി പറഞ്ഞു.

 

 

 

Latest