Connect with us

National

യു പിയിലെ ഹത്രാസില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും നൂറിലധികം പേര്‍ മരിച്ചു

സിക്കന്തററാവോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് ദുരന്തത്തിനിരയായത്.

Published

|

Last Updated

ഹത്രാസ് | യു പിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്. തിക്കിലും തിരക്കിലും പെട്ട് 150ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മിക്കവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

സിക്കന്തറ റാവോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് ദുരന്തത്തിനിരയായത്. ചടങ്ങ് കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. ആദ്യം പുറത്താകാനുള്ള ഓട്ടത്തിനിടയിൽ തിക്കും തിരക്കും ഉണ്ടായി. ആളുകൾ പരസ്പരം വീണു. ഭൂരിഭാഗം ആളുകളും ചതഞ്ഞരഞ്ഞാണ് മരിച്ചത്.

മരിച്ചവരെ ഫുൽറായിയിൽ നിന്ന് ഹത്രസിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് (സിഎച്ച്സി) കൊണ്ടുവന്നു. ടെമ്പോകളിലും ബസുകളിലുമാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്ക് പുറത്ത് മൃതദേഹങ്ങൾ  ചിതറിക്കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എക്‌സ് പോസ്റ്റിൽ അറിയിച്ചു. സംസ്ഥാന മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയും സന്ദീപ് സിംഗും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകാൻ മുഖ്യമന്ത്രി യോഗി നിർദ്ദേശം നൽകി.

ലോക്‌സഭയിലെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹത്രാസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. യുപിയിലെ ഹത്രാസിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി ദുഃഖകരമായ വിവരം ലഭിച്ചുവെന്നുംഅപകടത്തിൽ മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരകൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് സഭയിൽ ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അവർ എക്സ് പോസ്റ്റിൽ അറിയിച്ചു.

സംഭവത്തിൽ  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി . മരണമടഞ്ഞവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കോൺഗ്രസ് പ്രവർത്തകർക്ക് അദ്ദേഹം നിർദേശവും നൽകി.