Kerala
ഹെഡ്ഗേവാർ വിവാദം; പാലക്കാട് നഗരസഭയില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളി
ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.

പാലക്കാട് | പാലക്കാട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി.നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുമായി തര്‍ക്കമുണ്ടായി.പിന്നാലെയുണ്ടായ വാക്കേറ്റം കൂട്ടയടിയില്‍ കലാശിക്കുകയുമായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പോലീസ് സുരക്ഷയാണ് നഗരസഭയ്ക്ക് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ തന്നെയാണ് ഉള്ളതെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി.വിഷയത്തില്‍, നഗരസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.