National
ഹെകാനി ജഖാലു; നാഗാലാന്‍ഡിലെ ആദ്യ വനിതാ എംഎല്‍എ
ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) സ്ഥാനാര്‍ത്ഥി അസെറ്റോ സിമോമിയെയാണ് ഹെകാനി പരാജയപ്പെടുത്തിയത്.
കൊഹിമ| സംസ്ഥാന പദവി ലഭിച്ച് 60 വര്‍ഷത്തിനുശേഷം നാഗാലാന്‍ഡിന് ആദ്യ വനിതാ എംഎല്‍എ. നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഹെകാനി ജഖാലുവാണ് താരം. ദിമാപൂര്‍ മണ്ഡലത്തില്‍ നിന്ന് 1,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) സ്ഥാനാര്‍ത്ഥി അസെറ്റോ സിമോമിയെ ഹെകാനി പരാജയപ്പെടുത്തിയത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) സ്ഥാനാര്‍ത്ഥിയായാണ് ഹെകാനി ജഖാലു മത്സരിച്ചത്.
വെസ്റ്റേണ്‍ അംഗാമി സീറ്റില്‍ എന്‍ഡിപിപിയില്‍ നിന്നുള്ള മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥി സല്‍ഹൗതുവോനുവോ ക്രൂസെയാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന നാഗാലാന്‍ഡില്‍ ഭരണകക്ഷിയായ എന്‍ഡിപിപി-ബിജെപി സഖ്യം മൂന്ന് വിജയങ്ങള്‍ നേടി അധികാരം നിലനിര്‍ത്താന്‍ ഒരുങ്ങുകയാണ്.
സംസ്ഥാനത്ത് ആകെയുള്ള 183 സ്ഥാനാര്‍ഥികളില്‍ നാല് വനിതകള്‍ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. ഹെകാനി ജഖാലുവിനെ കൂടാതെ ടെനിങ്ങില്‍ കോണ്‍ഗ്രസിന്റെ റോസി തോംപ്സണ്‍, വെസ്റ്റ് അംഗമിയില്‍ എന്‍.ഡി.പി.പിയുടെ സല്‍ഹൗതുവോനുവോ, അതോയ്ജു സീറ്റില്‍ ബി.ജെ.പിയുടെ കഹുലി സെമ എന്നിവരാണ് മത്സര രംഗത്തുള്ള മറ്റ് വനിതകള്‍.