International
ഇറാനിൽ ഹെലികോപ്റ്റർ അപകടം; റെവല്യൂഷനറി ഗാർഡ് കമാൻഡർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു
സിസ്താൻ, ബലൂചിസ്താൻ പ്രവിശ്യയിലെ സിർകന്ദ് മേഖലയിലാണ് ഹെലികോപ്റ്റർ തകർന്നതെന്ന് ഐ.ആർ.ജി.സി
പ്രതീകാത്മക ചിത്രം
ഗോലെസ്താൻ | ഇറാനിലെ ഗോലെസ്താൻ പ്രവിശ്യയിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നെയ്‌നാവ് ബ്രിഗേഡ് കമാൻഡർ ജനറൽ ഹമീദ് മസന്ദറാനിയും പൈലറ്റ് ഹമദ് ജന്ദഗിയുമാണ് അപകടത്തിൽ മരണമടഞ്ഞത്. സിസ്താൻ, ബലൂചിസ്താൻ പ്രവിശ്യയിലെ സിർകന്ദ് മേഖലയിലാണ് ഹെലികോപ്റ്റർ തകർന്നതെന്ന് ഐ.ആർ.ജി.സി അറിയിച്ചു.
അപകടത്തിനു കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ സുരക്ഷാ സേനയും സുന്നി ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടൽ പതിവായ മേഖലയാണിത്.
കഴിഞ്ഞ ഒക്ടോബർ 26-ന് ഉണ്ടായ ആക്രമണത്തിൽ 10 പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഈ മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.