National
ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടം; പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക പ്രസ്താവന നാളെ
ന്യൂഡല്‍ഹി | സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ സംഭവത്തില്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക പ്രസ്താവന നാളെയുണ്ടാകും. പ്രതിരോധ മന്ത്രി, പ്രധാന മന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് കരസേനാ മേധാവി എം എം നരവനെ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഇതിനിടെ, രാജ്‌നാഥ് സിങ് ബിപിന്‍ റാവതിന്റെ വസതി സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയിലാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമ സേനാ മേധാവി വി ആര്‍ ചൗധരിയും ഇവിടെയെത്തും. തമിഴ്‌നാട് വനം മന്ത്രി അപകടം നടന്ന പ്രദേശത്ത് എത്തിയിട്ടുണ്ട്. അപകടത്തില്‍ 12 പേര്‍ മരിച്ചതായാണ് വിവരം. ബിപിന്‍ റാവതിന്റെ ഭാര്യ മധുലിക റാവതും സ്റ്റാഫും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ 14 പേര്‍ ഉണ്ടായിരുന്നു. ഉച്ചക്ക് 12.20ഓടെ ഊട്ടി കൂനൂരിലെ കട്ടേരി ഫാമിന് സമീപത്തെ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ എം ഐ 17വി5 ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. കരസേനയുടെ അത്യന്താധുനിക ഹെലികോപ്ടറാണിത്.