National
ഹെലികോപ്റ്റര്‍ അപകടം; സംയുക്ത സേന സംഘത്തിന്റെ പരിശോധന ഇന്നും തുടരും
തമിഴ്‌നാട് പോലീസിന്റെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്
കൂനൂര്‍ | സംയുക്ത സൈനിക മേധാവിയടക്കം 13 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘത്തിന്റെ പരിശോധനകള്‍ ഇന്നും തുടരും. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. തമിഴ്‌നാട് പോലീസിന്റെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്ന കൂനൂര്‍ റെയില്‍പ്പാത എന്നിവിടങ്ങളിലാണ് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
റെയില്‍ പാതയില്‍ നിന്ന് സെക്കന്റുകള്‍ മാത്രമുള്ള വ്യോമദൂരത്തിലാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ നഞ്ചപ്പസത്രത്തിലെത്തിയ സംഘം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും പൂര്‍ത്തിയാക്കി. ഇന്നലെ കണ്ടെത്തിയ ഹെലികോപ്റ്ററിന്റെ ഡാറ്റാ റിക്കോഡര്‍ ആകാശ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോക്ക് പരിശോധനയ്ക്കായി കൈമാറി.