National
ഭിന്നശേഷി പ്രതിഭകളെ തേടി ഹെല്ലന്‍ അവര്‍ഡ് ജേതാവ് ഉമര്‍ ഫാറൂഖിൻ്റെ അഖിലേന്ത്യാ യാത്ര
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ പിന്നിട്ട യാത്ര ഡല്‍ഹിയില്‍ എത്തി

ന്യൂഡല്‍ഹി | രാജ്യത്തെ ഭിന്നശേഷി പ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനുമായി ഹെലന്‍ കെല്ലര്‍ അവാര്‍ഡ് ജേതാവ് കെ കെ ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘം അഖിലേന്ത്യ യാത്ര നടത്തുന്നു. ഭിന്നശേഷി മേഖലയില്‍ നിന്നെത്തി വിവിധ തലത്തില്‍ വിജയം നേടിയവരുടെ സംഘമാണ് യാത്ര നടത്തുന്നത്. ജമ്മുകശ്മീരില്‍ നിന്ന് ആരംഭിച്ച യാത്ര രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കടന്ന് കേരളത്തിലെ പര്യടനത്തിന് ശേഷം ലക്ഷദ്വീപില്‍ സമാപിക്കും.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ പിന്നിട്ട യാത്ര ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ വലിയ സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, അസ്സം, ഗോവ, പോണ്ടിച്ചേരി, കര്‍ണാടക, തമിഴ്‌നാട് കേരളം എന്നീ സംസ്ഥാനങ്ങളാണ് അടുത്തതായി പര്യടനം നടത്താന്‍ പോകുന്നതെന്ന് യാത്ര നായകന്‍ കെ കെ ഉമര്‍ ഫാറൂഖ് പറഞ്ഞു.
ഭിന്നശേഷി മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്തുക, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ഭിന്നശേഷി വിദ്യാര്‍ഥികളുമായും അവരുടെ കുടുംബങ്ങളമായും സംവദിക്കുക, അവര്‍ക്ക് പ്രചോദനം നല്‍കുക, വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക ആരോഗ്യ മേഖലകളില്‍ മുന്നേറ്റം നേടാന്‍ ഭിന്നഷിക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, ഭിന്നശേഷി മേഖലയിലെ ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍, റിസര്‍വേഷന്‍, തൊഴില്‍ അവസരങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം നല്‍കുക, ഭിന്നശേഷിക്കാരും പൊതു സമൂഹവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, ഭിന്നശേഷിക്കാര്‍ക്കായി സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമാക്കാന്‍ പരിശ്രമിക്കുക എന്നിവയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഫാറൂഖ് വ്യക്തമാക്കി.
ഓരോ സംസ്ഥാനത്തും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതായും സ്ഥാപനങ്ങളുടെ മേധവികളുമായി കൂടിക്കാഴ്ച നടത്തുന്നതായും ഉമര്‍ ഫാറൂഖ് പറഞ്ഞു.