Connect with us

വ്രതവിശുദ്ധി

ഹലോ, ഒരു 'താങ്ക്‌സ്' എടുക്കാനുണ്ടോ?

Published

|

Last Updated

മനുഷ്യ ശരീരത്തിലെ രക്തം കൃത്രിമമായി ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്. മാലിന്യവും അമിത ജലവും നീക്കം ചെയ്ത് രക്തത്തെ ശുദ്ധീകരിക്കുക എന്ന വൃക്കയുടെ ദൗത്യം യന്ത്രത്തിന്റെ സഹായത്തോടെ സാധ്യമാക്കുകയാണിവിടെ ചെയ്യുന്നത്. ശരീരത്തിലേക്ക് ആവശ്യമായ ഓക്സിജൻ സ്വന്തമായി വലിച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ അതിന് സഹായകമാകുന്ന സംവിധാനമാണ് വെന്റിലേറ്റർ. ശ്വാസോച്ഛ്വാസവും രക്ത ചംക്രമണവും ശുദ്ധീകരണവുമെല്ലാം മനുഷ്യരിൽ ഓരോ നിമിഷവും നടക്കുന്നുണ്ട്. എങ്കിലും ഇതെല്ലാം സങ്കീർണതകൾ നിറഞ്ഞതും ചെലവേറിയതുമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത് സ്വന്തത്തെയൊ ബന്ധുക്കളെയൊ മേൽപറഞ്ഞ ചികിത്സാ രീതിക്ക് വിധേയമാക്കുമ്പോഴാണ്.

കണ്ണും കൈയും കാലും കാതുമുൾപ്പെടെ മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളും അവയുടെ സ്വാധീനവും ശക്തിയും അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങളാണ്. അവയുടെ പരിമിതിയോ വൈകല്യമോ ഊഹിച്ച് നോക്കുമ്പോഴാണ് നമ്മളനുഭവിക്കുന്ന സുഖത്തെക്കുറിച്ച് ബോധ്യപ്പെടുക. അല്ലാഹു നബി(സ)യെ വിളിച്ചുദ്ഘോഷിക്കുന്നത് നോക്കൂ. “അങ്ങ് പറയുക നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് കേൾവിയും കാഴ്ചയും മനസ്സും സംവിധാനിക്കുകയും ചെയ്തവനാണവൻ, എങ്കിലും അൽപ്പം മാത്രമേ നിങ്ങൾ നന്ദി ചെയ്യുന്നുള്ളൂ.’ (മുൽക്- 23)
ഇല്ലാത്ത അവസ്ഥയിൽ നിന്ന് നമ്മെ സൃഷ്ടിക്കുകയും കാണാൻ കണ്ണും കേൾക്കാൻ കാതും പ്രപഞ്ച ദൃഷ്ടാന്തത്തിൽ ചിന്തിക്കാൻ മനസ്സും തന്നിട്ട് ഈ അനുഗ്രഹങ്ങൾക്കെല്ലാമായി നാം അല്ലാഹുവിന് അർപ്പിക്കുന്ന നന്ദി വളരെ കുറവാണെന്നാണ് ഈ ആയതിലൂടെ അല്ലാഹു പറയുന്നത്. അല്ലാഹു നമുക്ക് നൽകിയ വിശേഷബുദ്ധി ഉപയോഗിച്ച് മനുഷ്യരെ നിരീക്ഷിച്ച് നോക്കൂ. ശാരീരിക ഘടനയിലും ആരോഗ്യസ്ഥിതിയിലും എന്തെല്ലാം നിഗൂഢതകളാണ്. എത്രയെത്ര സൂക്ഷ്മമായ സജ്ജീകരണങ്ങളാണ്. നമ്മെ പടച്ചവന്റെ കഴിവും തന്ത്രവും അപാരമാണെന്നും അവന്റെ ഔദാര്യം മാത്രമാണ് നമ്മുടെ ജീവന്റെ നിലനിൽപ്പും ആരോഗ്യവും കഴിവുമെല്ലാമെന്നും ബോധ്യപ്പെടും.

ഒരേ ഭക്ഷണം കഴിച്ച രണ്ട് പേരിൽ ഒരാളുടെ ശരീരത്തിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനും അനിവാര്യമായ പോഷക ഗുണങ്ങളായി മാറിയ അതേ ഭക്ഷണം തന്നെ രണ്ടാമത്തെ വ്യക്തിയിൽ അനാവശ്യമായ കൊഴുപ്പും പഞ്ചസാരയുമായി മാറുന്നു. പ്രഥമ ദൃഷ്ട്യാ ഭംഗങ്ങളൊന്നുമില്ലെങ്കിലും ചിലരുടെ അവയവങ്ങൾക്കവൻ സ്വാധീനം നൽകിയില്ല. മറ്റു ചിലർ കാഴ്ചയിൽ അരോഗ ദൃഢഗാത്രരാണെങ്കിലും മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ അനുഭവിക്കുന്നു. എല്ലാം അവന്റെ വിവേചനാധികാരമാണ്. ഏത് നിമിഷവും നമ്മൾ അവന്റെ പരീക്ഷണത്തിന് വിധേയരാകേണ്ടി വന്നേക്കാം. ഒരിക്കലും പ്രതീക്ഷിക്കാത്ത, താത്പര്യപ്പെടാത്ത അവസ്ഥയിലേക്ക് മാറ്റപ്പെട്ടേക്കാം.

ആരോഗ്യമുള്ള ശരീരം, അവയവങ്ങളുടെ സുഗമമായ പ്രവർത്തനം, സുഖകരമായ അവസ്ഥാവിശേഷം എല്ലാം അല്ലാഹുവിന്റെ വരദാനമാണ്. അതോർത്ത് അവനോട് നന്ദി കാണിക്കുകയും പൂർണമായി വിധേയപ്പെട്ട് ജീവിക്കുകയും വേണം. എന്നാൽ, അവന്റെ അനുഗ്രഹം കൂടുതലായി ലഭിക്കുമെന്നവൻ ഉറപ്പ് തരുന്നുണ്ട്. “നിങ്ങൾ നന്ദിയുള്ളവരായാൽ നിങ്ങൾക്ക് ഞാൻ വർധിപ്പിച്ച് തരും. നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ നിശ്ചയം എന്റെ ശിക്ഷ കഠിനമാണ്.’ (ഇബ്റാഹീം- ഏഴ്)

Latest