Kerala
ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം, അമിതവേഗത്തിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമെതിരെ കടുത്ത നടപടി; സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കുന്നു
എ ഐ കാമറകള്‍ പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ യോഗം ട്രാഫിക് ഐജിയോട് നിര്‍ദേശിച്ചു
തിരുവനന്തപുരം | വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ റോഡുകളില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. റോഡില്‍ 24 മണിക്കൂറും പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.യോഗ തീരുമാനങ്ങള്‍ നാളെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തെ അറിയിക്കും.
മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗം, അശ്രദ്ധമായി വണ്ടി ഓടിക്കല്‍ എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് പുറമേ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ എന്നിവയ്ക്കെതിരെയും നടപടികള്‍ കടുപ്പിക്കും. ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായി പരിശോധന നടത്തും
സംസ്ഥാനത്ത് 675 എഐ കാമറകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ എഐ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. എ ഐ കാമറകള്‍ പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ യോഗം ട്രാഫിക് ഐജിയോട് നിര്‍ദേശിച്ചു. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ എഐ കാമറകള്‍ സ്ഥാപിക്കും