Kerala
ഹേമ കമ്മിറ്റി: മൊഴി നല്‍കാത്തവര്‍ക്കും അന്വേഷണ സംഘത്തിന് പരാതി നല്‍കാമെന്ന് ഹൈക്കോടതി
50 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്ന് സര്‍ക്കാര്‍.
കൊച്ചി | ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും സിനിമാ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കാമെന്ന് ഹൈക്കോടതി. പരാതിയുള്ളവര്‍ക്ക് നോഡല്‍ ഓഫീസറെ സമീപിച്ച് പരാതി സമര്‍പ്പിക്കാം. പരാതി നല്‍കിയവരെ സംഘടനകളില്‍ നിന്ന് പുറത്താക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ഭീഷണി ഉണ്ടെങ്കില്‍ അവര്‍ക്ക് സമീപിക്കാനായി നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. പരാതികള്‍ ഇനി മുതല്‍ നോഡല്‍ ഓഫീസര്‍ക്കും കൈമാറാമെന്ന് കോടതി വ്യക്തമാക്കി. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരാന്‍ നടി രഞ്ജിനി നല്‍കിയ അപേക്ഷയും ഡിവിഷന്‍ ബഞ്ച് പരിഗണിച്ചു. റിപോര്‍ട്ടിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ ശേഷം മൊഴി നല്‍കാന്‍ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടുവെന്ന് രഞ്ജിനി വ്യക്തമാക്കി.
നേരത്തെ മൊഴി നല്‍കിയപ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ലെന്നും, എന്നാല്‍ സുപ്രീം കോടതിയില്‍ പോയപ്പോള്‍ ഈ വിവരങ്ങള്‍ പുറത്തുവന്നതുകൊണ്ടായിരിക്കാം മൊഴി നല്‍കാന്‍ വിളിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. പരാതി നല്‍കിയവരെ അവര്‍ ഉള്‍പ്പെട്ട സംഘടനകളില്‍ നിന്ന് പുറത്താക്കുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ അറിയിച്ചു. പുറത്താക്കാന്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. എ ഐ ജി ജി പൂകുഴലായയാണ് നോഡല്‍ ഓഫിസര്‍. ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.