Connect with us

hema committee report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: നടി രഞ്ജിനിയുടെ അപ്പീല്‍ തള്ളി; 62 പേജുകള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്. 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കുന്നത്

Published

|

Last Updated

കൊച്ചി | മലയാള സിനിമാ രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഇതോടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വഴിയൊരുങ്ങി. മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്. 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കുന്നത്.

ഹര്‍ജിക്കാരിക്ക് വേണമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം മൊഴി നല്‍കിയ താന്‍ കണ്ട ശേഷമേ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പാടുള്ളൂ എന്നായിരുന്നു അപ്പീലില്‍ രഞ്ജിനി ആവശ്യപ്പെട്ടത്.
കമ്മിറ്റിക്ക് മുന്നില്‍ രഞ്ജിനി മൊഴി നല്‍കിയിട്ടുണ്ട്. ആ മൊഴി പുറത്തു വരരുത് എന്നാണ് കോടതിയില്‍ രഞ്ജിനിയുടെ അഭിഭാഷകന്‍ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ പുറത്തു വരരുത് എന്നാണോ താങ്കളുടെ ആവശ്യമെന്ന് കോടതി ചോദിച്ചു. കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്‍കിയപ്പോള്‍, മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. ആ ഉറപ്പു പാലിക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നേരത്തെ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. സജിമോന് ആ കമ്മിറ്റിയുമായി എന്ത് ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാരിന് ഒരാഴ്ച സമയമാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. ഈ സമയപരിധി നാളെ അവസാനിക്കുകയാണ്. മറ്റു കോടതി നടപടികള്‍ ഉണ്ടായില്ലെങ്കില്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാണ് സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട അപേക്ഷകരെ ഇക്കാര്യം അറിയിച്ചു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ല്‍ രൂപീകരിച്ച ഹേമ കമ്മിറ്റി 2019 ലാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നിയമനടപടി തുടരുമെന്ന് നടി രഞ്ജിനി അറിയിച്ചു. ഹര്‍ജിക്കാരിക്ക് സിംഗില്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിനി സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കും. ഹര്‍ജി സമര്‍പ്പിച്ചാല്‍ വൈകീട്ട് മൂന്നു മണിക്ക് സിംഗില്‍ ബെഞ്ച് പരിഗണിച്ചേക്കും.

 

Latest