Connect with us

hema committee report

ഹേമ കമ്മിറ്റി റിപ്പോർട്ട്: നടൻ സിദ്ദീഖിന് പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചു

രാജി ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി വിവാദമായതിനെ തുടർന്ന്

Published

|

Last Updated

കോഴിക്കോട് | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്ര പരാതി മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്നു. ലൈംഗികാരോപണ പരാതി ഉയർന്നതിനെ് പന്നാലെ  താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദീഖ് രാജിവെച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചു. രഞ്ജിത്തിന് എതിരെയും നേരത്തെ ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് രഞ്ജിത്തിനോട് രാജി ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എല്‍ ഡി എഫ് ഘടകകക്ഷിയായ സിപിഐ അടക്കമുള്ള സംഘടനകളും രഞ്ജിത്തിന്റെ രാജിക്കായി മുറവിളി ഉയർത്തിയിരുന്നു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കി. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ ലൈംഗികാ അതിക്രമ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്തുവന്നിരുന്നു. ഈ കൂട്ടത്തിൽ ബംഗാളി നടിയാണ് രഞ്ജിത്തിന് എതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയത്. മമ്മൂട്ടി ചിത്രം ‘പാലേരി മാണിക്യത്തി’ൽ അഭിനയിക്കാനായി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നും ഇതിനെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നുമാണ് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നത്. ഇതിന് ശേഷം മലയാള സിനിമയിൽ അവസരം ലഭിച്ചില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

രഞ്ജിത്തിന് എതിരായ ആരോപണം കത്തി നിൽക്കുന്നതിനിടെയാണ് താര സംഘടന ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മറ്റൊരു യുവനടി രംഗത്ത് വന്നത്. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്കത്ത് ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു നടി മാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തിയത്. നേരത്തെ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു എങ്കിലും ആരും പരിഗണിച്ചില്ലെന്നും നടി പറഞ്ഞിരുന്നു. തനിക്ക് മാത്രമല്ല തന്റെ പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ആരോപണം വന്നതിന് പിന്നാലെ ഇന്ന് രാവിലെ സിദ്ദീഖ് അമ്മ പ്രസിഡന്റ് മോഹൻ ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. ധാർമികമ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നും മറ്റു കാര്യങ്ങൾ പിന്നീട് വിശദീകരിക്കുമെന്നും സിദ്ദീഖ് പ്രതികരിച്ചിരുന്നു.

 

 

Latest