Kerala
ഹേമ കമ്മിറ്റി റിപോര്‍ട്ട്; പരാതി ലഭിച്ചാല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും: മന്ത്രി സജി ചെറിയാന്‍
മന്ത്രി എന്ന നിലയില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും വായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
ആലപ്പുഴ |ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ലെന്നും മന്ത്രിയായതിനുശേഷം സിനിമ മേഖലയിലുള്ള ഒരു പരാതിയും തന്റെയടുത്ത് വന്നിട്ടില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമപരമായടക്കം പരിശോധിക്കുക കയും പഠിക്കുകയും വേണം. പരാതി ലഭിച്ചാല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എല്ലാ സിനിമാക്കാരും കുഴപ്പക്കാരാണെന്ന് പറയാനാകില്ലന്നും വനിതകളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി എന്ന നിലയില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും വായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണെമെന്ന് നേരത്തെ ജസ്റ്റിസ്
ഹേമ തന്നെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ വിവരങ്ങളുള്ളതിനാല്‍ മുന്‍ വിവരാവകാശ കമ്മീഷണറും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്.
റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.പതിനായിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന വലിയൊരു മേഖലയാണ് സിനിമ. അങ്ങനെയൊരു ഇന്‍ഡസ്ട്രിയില്‍ വരുന്ന പ്രശ്‌നം ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പറ്റുമോ?വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്തത്. കഴിഞ്ഞ ഒന്നരവര്‍ഷമായി വലിയൊരു പ്രക്രിയയിലാണ് സംസ്ഥാന സര്‍ക്കാരെന്നും സിനിമ കോണ്‍ക്ലേവ് നടത്താമെന്ന് തീരുമാനിച്ചത് സംഘടനകളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.