Kerala
ഹേമ കമ്മിറ്റി റിപോര്‍ട്ട്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ കെ ശൈലജ എം എല്‍ എ
എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു മാതൃകാപരമായ പ്രവര്‍ത്തനമാകും.

കണ്ണൂര്‍ | ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ പരാതികളുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുന്‍ മന്ത്രിയും മട്ടന്നൂര്‍ എം എല്‍ എയുമായ കെ കെ ശൈലജ.
എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു മാതൃകാപരമായ പ്രവര്‍ത്തനമാകുമെന്നും അവര്‍ പറഞ്ഞു. എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ശൈലജ പ്രതികരണം രേഖപ്പെടുത്തിയത്.
കെ കെ ശൈലജയുടെ ഫേസ് ബുക്ക് കുറിപ്പ്:
സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഓരോ പരാതിയിലും ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചാല്‍ അതൊരു മാതൃകാപരമായ പ്രവര്‍ത്തനമായി മാറും. സിനിമാ മേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ പരാതി സ്വീകരിച്ച് ഗവ: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹേമാ കമ്മിറ്റിയെ നിശ്ചയിക്കുകയും സ്‌പെഷ്യല്‍ അന്വേഷണ ടീമിനെ നിശ്ചയിക്കുകയും ചെയ്തത്
ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റുനോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി
സത്യസന്ധമായ അന്വേഷണം നടത്താനും സെറ്റില്‍ ഐ സി സി രൂപീകരണം, പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കല്‍, മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തല്‍ തുടങ്ങി നിരവധി ഇടപെടലുകള്‍ നടത്താനും കഴിയും. സാംസ്‌കാരിക വകുപ്പ് പുതിയ സിനിമാ നയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. SITയുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാകണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.