Connect with us

Articles

ഹേമ കമ്മിറ്റി റിപോര്‍ട്ട്; നിയമം മാത്രം ഉത്തരമാകില്ല

തുറന്നുകാട്ടപ്പെട്ട പുരുഷന്മാരില്‍ ചിലര്‍ നിയമ നടപടികള്‍ നേരിടുന്നതിലൂടെ ശുദ്ധീകരിക്കപ്പെടും ഈ മേഖലയൊന്നാകെ എന്ന് ചിന്തിക്കരുത്. കൈയടിക്കാന്‍ ജനമുണ്ട് എന്ന താരബോധ്യങ്ങളെ തകര്‍ക്കുക തന്നെ വേണം. സ്ത്രീകളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുന്നതില്‍ പ്രശ്നമൊന്നും തോന്നാത്ത, അവരെ കിടപ്പറയിലെത്തിക്കുന്നതാണ് മിടുക്ക് എന്ന് ചിന്തിക്കുന്ന എല്ലാവരെയും തള്ളിപ്പറയാന്‍ സമൂഹം തയ്യാറാകണം.

Published

|

Last Updated

സ്റ്റിസ് ഹേമ കമ്മിറ്റി മലയാള സിനിമയിലെ ആണധികാരത്തിന്റെ നെറുകയില്‍ ഏല്‍പ്പിച്ച പ്രഹരത്തിന്റെ ആഘാതത്തില്‍ നിന്ന് മോളിവുഡ് എന്ന് മോചിതമാകുമെന്ന് പറയുകവയ്യ. ആരുടെയെല്ലാം തലകള്‍ ഉരുളുമെന്ന് പ്രവചിക്കാനും വയ്യ. അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകര്‍- ക്യാമറക്ക് പുറത്ത് ഇവര്‍ കൈ വെച്ച മറ്റു മേഖലകളെ കുറിച്ച് നടിമാര്‍ തുറന്നുപറഞ്ഞു തുടങ്ങിയിരിക്കുന്നു. വീഴുന്ന വിക്കറ്റുകളുടെ എണ്ണം പിടിക്കുന്നുണ്ട് സാമൂഹിക മാധ്യമ ഹാൻഡിലുകള്‍.

വെള്ളിത്തിരയിലെ നായക-പ്രതിനായക ബിംബങ്ങള്‍ക്ക് മുമ്പില്‍ നിയമവും ആഭ്യന്തരവകുപ്പും ശിരസ്സ് കുനിക്കില്ലെങ്കില്‍ ഇവരില്‍ ചിലരെങ്കിലും ജയിലിലടയ്ക്കപ്പെടും. പക്ഷേ അതിനുള്ള സാധ്യത അതിവിദൂരമാണ്. എന്തുകൊണ്ടെന്നാല്‍, നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ നിലപാടില്ല. പ്രതിപക്ഷ രോഷം പ്രസ്താവനകളിലൊതുങ്ങും; സര്‍ക്കാര്‍ നടപടി സമിതി രൂപവത്കരണത്തിലും.

മുന്‍വിധികള്‍ മുറിച്ചുകടക്കാന്‍ കഴിയാത്തതില്‍ നിന്നുണ്ടായ നിരാശയായി ഇതിനെ വായിക്കാതിരിക്കുക. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്കും നീളുന്ന അദൃശ്യമായ ചില ഇടനാഴികളുണ്ട് എന്നതിനാലാണ് “വിദൂര സാധ്യത’യെ കുറിച്ച് സംസാരിക്കേണ്ടി വരുന്നത്. പ്രത്യക്ഷ കാഴ്ചയില്‍ പലതായിരിക്കുമ്പോഴും സൂക്ഷ്മനോട്ടത്തില്‍ രാഷ്ട്രീയ-സിനിമാ ലോകങ്ങള്‍ പലയിടത്തും ഒന്നായി ചേരുന്നുണ്ട്. അവര്‍ക്കിടയില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. സര്‍ക്കാറിന്റെയും പാര്‍ട്ടികളുടെയും പരിപാടികളില്‍ ചലച്ചിത്ര താരങ്ങളും അണിയറ പ്രവര്‍ത്തകരും അതിഥികളായി പങ്കെടുക്കുന്നുണ്ട്.

നികുതിയിനത്തിലും അല്ലാതെയും സര്‍ക്കാറില്‍ നിന്ന് സിനിമകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഏറെയുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ എന്ന നിലക്ക് ഇവര്‍ അനുഭവിക്കുന്ന വൈയക്തികമായ പ്രിവിലേജുകളും അംഗീകാരങ്ങളും ഇതിനു പുറമെയാണ്. സിനിമാക്കാര്‍ക്ക് രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്, രാഷ്ട്രീയക്കാര്‍ക്ക് തിരിച്ചും അങ്ങനെത്തന്നെ. സര്‍ക്കാര്‍ പദ്ധതികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായും ജനപ്രതിനിധികളുടെ വികസന പദ്ധതികളുടെ ഉദ്ഘാടകരായും സിനിമാ മേഖലയിലുള്ളവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ കുറിച്ച് രാഷ്ട്രീയ നേതാക്കളില്‍ നല്ലൊരു പങ്കും വാ തുറന്നിട്ടില്ല. അവര്‍ക്കതിന് കഴിയില്ല. രാഷ്ട്രീയ മേഖലയില്‍ നിന്നുണ്ടായ, കേസെടുക്കണം എന്ന പ്രസ്താവനകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് സംശയിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. അതിനെങ്കിലും അവര്‍ സന്നദ്ധമായല്ലോ എന്ന് സമാധാനപ്പെടാം നമുക്ക്.

സിനിമ ഒരു വ്യവസായമാണ്. ശതകോടികള്‍ മറിയുന്ന വ്യവസായം. പണമെറിഞ്ഞ് പണം വാരുന്ന ഇടം. ചിലര്‍ പണമിറക്കി മുതല്‍മുടക്ക് പോലും തിരിച്ചുകിട്ടാതെ പാപ്പരാകും. വേറെ ചിലര്‍ ഒറ്റ സിനിമ കൊണ്ട് അതിസമ്പന്നരാകും. പണം പ്രവര്‍ത്തിക്കുന്ന, പണത്താല്‍ നയിക്കപ്പെടുന്ന ഒരു മേഖലയില്‍ എന്തെല്ലാം കൊള്ളരുതായ്മകള്‍ സംഭവിക്കുമോ അതെല്ലാം സിനിമയിലും സംഭവിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ മുതല്‍ പെണ്‍വാണിഭം വരെ. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ കടും നാറ്റമുള്ള കഥകളില്‍ ചിലത് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തേതന്നെ പലരും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഒരുകാലത്ത് അമ്മ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട പ്രമുഖ നടിയുടെ ആത്മകഥയില്‍ ആണഹന്തയുടെ ലൈംഗിക വെകിളികളെ കുറിച്ച് മറയില്ലാതെ പറയുന്നുണ്ട്. അതിനുശേഷവും ചില നടിമാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സമാനമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പക്ഷേ അന്ന് അതാരും ഗൗരവമായി പരിഗണിച്ചില്ല. അതിന്മേല്‍ കേസെടുക്കാന്‍ ആളുണ്ടായില്ല. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. സിനിമയില്‍ മോശം അനുഭവങ്ങള്‍ നേരിട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ സമൂഹം തയ്യാറാകുന്നു. വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവത്തോടെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വിഷയം കത്തിനില്‍ക്കുന്നു. ആര്‍ക്കും ആരെയും രക്ഷിക്കാന്‍ കഴിയാത്തവിധം കുറ്റാരോപിതര്‍ക്കെതിരെ വികാരമുണ്ടാകുന്നു. കോടതി ഇടപെടുന്നു.

വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ക്ക് നിയമപരമായ സഹായമുള്‍പ്പെടെ നല്‍കാന്‍ ഡബ്ല്യു സി സി മുന്നോട്ടുവരുന്നു. ഇതെല്ലാം ഒത്തുവന്നപ്പോഴാണ് രഞ്ജിത്തിനും സിദ്ദീഖിനും രാജിവെക്കേണ്ടി വന്നത്, സര്‍ക്കാറിന് അന്വേഷണ സംഘത്തെ നിയോഗിക്കേണ്ടി വന്നത്. വനിതാ ഓഫീസർമാർ അടങ്ങുന്ന പോലീസ് സംഘത്തിന്റെ കണ്ടെത്തലുകള്‍/ നിഗമനങ്ങള്‍ എന്തായിരുന്നാലും സിനിമാ മേഖലയിലെ ദുഷിപ്പുകള്‍ യാഥാര്‍ഥ്യമാണ് എന്നത് ഇനിയാര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
കേരളം ഓടിയെത്തി എന്നവകാശപ്പെടുന്ന എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിഷ്പ്രഭമാക്കുന്ന അശ്ലീലാവിഷ്‌കാരങ്ങളാണ് മലയാള സിനിമയുടെ അകത്തളങ്ങളില്‍ നടന്നുകൊണ്ടിരുന്നത്.

സിനിമാ പ്രവര്‍ത്തനത്തെ സാംസ്‌കാരിക പ്രവര്‍ത്തനമായാണ് നമ്മള്‍ മലയാളികള്‍ കരുതിപ്പോന്നത്. സാമൂഹിക പ്രതിബദ്ധതയുടെ അധിക മൂല്യം അവിടെ നിന്ന് നമ്മള്‍ പ്രതീക്ഷിച്ചിട്ടുണ്ട്. വെള്ളിത്തിരയിലെ നായകന്മാരെ മാതൃകാ പുരുഷന്മാരായി കണ്ട് ഉടുപ്പിലും നടപ്പിലും അവരെ അനുകരിച്ചും ശരീരത്തില്‍ അവരുടെ പേരുകള്‍ പച്ച കുത്തിയും നടക്കുന്ന ഭ്രാന്തിനെ ആരാധന എന്ന് പേരിട്ട് നേര്‍പ്പിച്ചിട്ടേയുള്ളൂ നമ്മുടെ ഭാഷ പോലും. അത്രയും പ്രിവിലേജുകളില്‍ ജീവിക്കുന്ന താരമനുഷ്യര്‍ പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെ നടികളുടെ വാതിലില്‍ മുട്ടുകയും കാമമോഹത്താല്‍ കയറിപ്പിടിക്കുകയും ചെയ്യുന്ന ആഭാസന്‍മാരായി “ഉടുതുണിയില്ലാതെ’ മലയാളികളുടെ മുന്നില്‍ വിചാരണ കാത്ത് നില്‍ക്കുന്ന ഈ സന്ദര്‍ഭം നമ്മെ സവിശേഷമായി ഓര്‍മിപ്പിക്കുന്ന ഭീതിദമായ ഒരു കാര്യം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇത്രക്ക് നോര്‍മലൈസ് ചെയ്യപ്പെട്ട മറ്റൊരു ഇടമില്ല എന്നതാണ്.
പുരുഷനോളമെത്തുന്ന സ്ത്രീ എന്ന കാല്‍പ്പനിക സമത്വ സ്വപ്നവുമായി നടക്കുന്നവരൊന്നും ഇക്കാര്യത്തിൽ മിണ്ടിക്കേട്ടില്ല.

ലോകമാകെ മാറുമ്പോഴും മാറാത്ത സമൂഹം എന്ന് മതവിശ്വാസികളെ നോക്കി പരിഹസിച്ചവരെയും ഈ വഴി കാണുന്നില്ല. ഉടുപ്പ് മാറ്റിയിട്ടാല്‍ ലിംഗസമത്വം നടപ്പാകുമെന്ന് പ്രസംഗിച്ചവരും ഇപ്പോഴൊന്നും പറയുന്നില്ല. മതവിശ്വാസത്തെയും അതിന്റെ ഭാഗമായുള്ള ബഹുവിധമായ അച്ചടക്കങ്ങളെയും അധിക്ഷേപിച്ചവര്‍, മലയാളിയുടെ പൊതുജീവിതത്തിന്റെ സമാന്തരമായി നിലകൊണ്ട സിനിമയുടെ അപരലോകത്ത് നടക്കുന്നതൊന്നും അറിഞ്ഞില്ലെന്നാണോ? മനുഷ്യന്‍ ചന്ദ്രനില്‍ പോകുന്ന കാലത്തും സ്ത്രീകള്‍ സമൂഹത്തില്‍ സുരക്ഷിതരല്ല എന്നുതന്നെയല്ലേ ഹേമ കമ്മിറ്റി റിപോര്‍ട്ട് പറഞ്ഞുവെക്കുന്നത്.
നായ കടിക്കുമെന്ന് പറഞ്ഞ് മനുഷ്യരെ വഴി നടക്കാന്‍ അനുവദിക്കാതിരിക്കുകയല്ല, നായയെ ചങ്ങലയില്‍ ബന്ധിച്ചിടുകയാണ് വേണ്ടത് എന്ന “യുക്തിവാദ’മൊന്നും ഇപ്പോളാരും ഉന്നയിക്കുന്നില്ല.

സിനിമയിലെ ഇരപിടിയന്മാരെ ചങ്ങലക്കിടുന്നതിനെ കുറിച്ചല്ല ചര്‍ച്ചകള്‍. സ്ത്രീകള്‍ക്ക് സവിശേഷമായ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചാണ്. സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള സ്വകാര്യത പോലും അനുവദിക്കാത്ത പ്രാകൃതരായ ആണുങ്ങളെ കുറിച്ച് പൊട്ടിത്തെറിക്കുന്നുണ്ട് ന്യൂസ് ചാനലുകളിലെ ആങ്കര്‍മാരടക്കം. വനിതാ താരങ്ങൾക്ക് മാത്രമായി ട്രൈബ്യൂണല്‍ വേണമെന്നതാണ് ഹേമ കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശകളിലൊന്ന്. സ്ത്രീകളെ സ്ത്രീകളായി തന്നെ കണ്ട് ജീവിക്കാന്‍ അനുവദിക്കണം എന്നുതന്നെയാണ് എല്ലാവരും ഒറ്റ ശബ്ദത്തില്‍ പറയുന്നത്. സ്ത്രീകളെ ചൂഷണം ചെയ്യാത്ത, സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കാത്ത സിനിമാ മേഖലയെക്കുറിച്ച് 2024ല്‍ മലയാളികള്‍ക്ക് ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വേദികളിലും വെള്ളിത്തിരകളിലും “നിലപാട്’ കൊണ്ട് അതിശയിപ്പിച്ച താരങ്ങള്‍ എന്തുകൊണ്ടാകും കൂടെ അഭിനയിക്കുന്ന സ്ത്രീകളെ ലൈംഗിക ഉപകരണങ്ങള്‍ മാത്രമായി കാണുന്നത്? സ്ത്രീ ശരീരത്തെ ഉത്പന്നമായി മാത്രം കാണുന്ന മുതലാളിത്ത കൗശലം ഏറ്റവും സ്വാഭാവികതയോടെ പ്രവര്‍ത്തിക്കുകയാണിവിടെ.

തുറന്നുകാട്ടപ്പെട്ട പുരുഷന്മാരില്‍ ചിലര്‍ നിയമ നടപടികള്‍ നേരിടുന്നതിലൂടെ ശുദ്ധീകരിക്കപ്പെടും ഈ മേഖലയൊന്നാകെ എന്ന് ചിന്തിക്കരുത്. കൈയടിക്കാന്‍ (ചിലപ്പോഴെങ്കിലും ന്യായീകരിക്കാനും) ജനമുണ്ട് എന്ന താരബോധ്യങ്ങളെ തകര്‍ക്കുക തന്നെ വേണം. സിനിമ കണ്ടില്ലെങ്കിലും ഞങ്ങള്‍ ജീവിച്ചോളും എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ചാനലുകള്‍ക്ക് റേറ്റിംഗ് കൂട്ടാനുള്ള മത്സരോപാധി മാത്രമായി മാറും. സ്ത്രീകളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുന്നതില്‍ പ്രശ്നമൊന്നും തോന്നാത്ത, അവരെ കിടപ്പറയിലെത്തിക്കുന്നതാണ് മിടുക്ക് എന്ന് ചിന്തിക്കുന്ന ലൈംഗികാസക്തരെ തള്ളിപ്പറയാന്‍ സമൂഹം തയ്യാറാകണം. അവര്‍ക്ക് രാഷ്ട്രീയ കാവലൊരുക്കില്ല എന്ന് പാര്‍ട്ടികളും അധികാരികളും നിലപാടെടുക്കണം. അവര്‍ എം എല്‍ എയോ മന്ത്രിയോ ആയാലും കൂടെ നില്‍ക്കില്ല എന്ന് ഇച്ഛാശക്തിയോടെ പറയാന്‍ ആളുണ്ടാകുക മാത്രമാണ് മലയാള സിനിമയെയും, രാഷ്ട്രീയത്തെ തന്നെയും ചെറിയ തോതിലെങ്കിലും ശുദ്ധീകരിക്കാനുള്ള ഏക മാര്‍ഗം.

Latest