Connect with us

From the print

ഹേമ കമ്മിറ്റി റിപോർട്ട്; നിയമ നടപടിക്ക് ശിപാര്‍ശ

സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സിനിമ മേഖലയിലെ ചൂഷണങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ നിയമ നടപടികള്‍ക്കും ശിപാര്‍ശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കാമെന്നാണ് റിപോര്‍ട്ടിലെ ശിപാര്‍ശ. വ്യക്തികളുടെ സ്വകാര്യത കണക്കിലെടുത്ത് പുറത്തുവിടാതിരുന്ന ഭാഗത്താണ് ഐ പി സി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമര്‍ശമുള്ളത്.
വിദേശ ഷോകളുടെ പേരിലും നടികള്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമ കമ്മിറ്റിക്ക് മുന്നാകെ നടികള്‍ മൊഴി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ 63 പേജുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചിരുന്നു. സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് പറഞ്ഞാണ് ഇത് മാറ്റിവെച്ചത്.

ലഭിച്ച മൊഴികളുടെയെല്ലാം അടിസ്ഥാനത്തില്‍ അവസാനഘട്ടത്തിലാണ് കേസ് എടുക്കുന്നത് സംബന്ധിച്ച ചില നിര്‍ദേശങ്ങളും അടങ്ങിയിട്ടുള്ളത്. കേസെടുക്കാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നതായിട്ടാണ് റിപോര്‍ട്ടില്‍ കമ്മിറ്റി സൂചിപ്പിക്കുന്നത്. സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന വിധത്തില്‍ പെരുമാറിയാല്‍ ഐ പി സി 354 പ്രകാരം അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാം. സിനിമയിലെ “പവര്‍ മാഫിയ’യുമായി എന്തെങ്കിലും തരം അഭിപ്രായഭിന്നതയോ വിദ്വേഷമോ ഉണ്ടായാല്‍, അവര്‍ക്കെതിരെ ഫാന്‍സിന്റെ സൈബര്‍ ആക്രമണവും പതിവാണ്. സാമൂഹിക മാധ്യമങ്ങളില്‍ മോശം ചിത്രങ്ങളും ദൃശ്യങ്ങളുമിട്ട് അവരെ പൊതുസമൂഹത്തിന് മുന്നില്‍ നാണം കെടുത്തുന്നത് പതിവാണ്. ഇതില്‍ നടനും ഫാന്‍സും കുറ്റക്കാരാണെന്നിരിക്കെ ഇക്കാര്യത്തിലും കേസെടുക്കാവുന്നതാണെന്ന് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
മലയാള സിനിമയില്‍ സ്ത്രീകള്‍ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപോര്‍ട്ടിലുളളത്. മലയാള സിനിമ അടക്കിവാഴുന്നത് ക്രിമിനലുകളും വന്‍കിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയില്‍ നിലനിന്നു പോകാനും ലൈംഗിക താത്പര്യങ്ങള്‍ക്ക് സ്ത്രീകള്‍ വഴങ്ങേണ്ടിവരുന്നുവെന്നും ചൂഷകരെ സംരക്ഷിക്കാന്‍ മലയാള സിനിമയില്‍ പവര്‍ ടീം ഉണ്ടെന്നും റിപോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് മിക്ക നടിമാരും മൊഴി നല്‍കിയിരുന്നത്.