Kerala
ഹേമ കമ്മിറ്റി റിപോർട്ട്: മൊഴി നൽകിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം
മൊഴിയിൽ ഉറച്ചുനിന്നാൽ എഫ് ഐ ആർ രേഖപ്പെടുത്തും
തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപോർട്ടിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ സിനിമാ പ്രവർത്തകരിൽ നിന്ന് എസ് ഐ ടി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
ഡി ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ വനിതാ ഐ പി എസ് ഉദ്യോഗസ്ഥരാണ് അന്വേഷണം നട
ത്തുന്നത്.
വിവിധ ഘട്ടങ്ങളിലായി അതിക്രമം നേരിട്ടവർ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തയ്യാറാകുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുക. ഇതുപ്രകാരം മൊഴി നൽകിയവർ പരാതിയിൽ ഉറച്ചുനിന്നാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിന് റിപോർട്ടിന്റെ പൂർണ രൂപം കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പ് അധികൃതർ കൈമാറിയിരുന്നു.
5,000ത്തോളം പേജുണ്ട്. 300റോളം പേജുകൾ സംഗ്രഹമാണ്. മൊഴികളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെ മുഴുവനും സാംസ്കാരിക വകുപ്പ് കൈമാറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് ആസ്ഥാനത്തെത്തി സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചിയും ജോ. സെക്രട്ടറി സന്തോഷും ചേർന്ന് റിപോർട്ട് കൈമാറിയത്.
എ ഡി ജി പി ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശ്വൻ റിപോർട്ടിന്റെ പകർപ്പ് കൈപറ്റിയതിന് പിന്നാലെ എസ് ഐ ടിയുടെ അടിയന്തര യോഗം ചേരുകയും ഏത് തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, കേസ് പരിഗണിച്ച ഹൈക്കോടതി ഗുരുതര ആരോപണങ്ങളിൽ കേസെടുക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കോടതി നിർദേശിച്ചതെല്ലാം ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറിയിച്ചി
രുന്നു.
കഴിഞ്ഞ മാസം 19നാണ് ഹേമ കമ്മിറ്റി റിപോർട്ട് ഭാഗികമായി പുറത്തുവിട്ടത്. തൊട്ടുപിന്നാലെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു.