Connect with us

National

ഹേമ കമ്മിറ്റി റിപോര്‍ട്ട്: അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്ന് സുപ്രീം കോടതി

തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി. ഹേമ കമ്മിറ്റി റിപോര്‍ട്ട് ലഭിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്ന് വിമര്‍ശിച്ച കോടതി തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും ചോദിച്ചു.

പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു. മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശമെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന നടിയുടെ ഹരജിയിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശം. മൊഴി നല്‍കാന്‍ എസ് ഐ ടി ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു.

ഹരജി നല്‍കാന്‍ എന്താണ് അവകാശമെന്ന് ഹരജിക്കാരന്‍ സജിമോന്‍ പാറയിലിനോട് സുപ്രീം കോടതി ചോദിച്ചു. താങ്കള്‍ക്കെതിരെ ഹൈക്കോടതിയുടെ എന്ത് ഉത്തരവാണ് ഉള്ളതെന്നും താങ്കളെ എന്തിന് കേള്‍ക്കണമെന്നുമായിരുന്നു സജിമോന്‍ പാറയിലിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം.

എസ് ഐ ടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ എങ്ങനെ തടയാനാകും. കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സജിമോന്‍ പാറയിലിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

സജിമോന്‍ പാറയിലിനെ മുന്നില്‍ നിര്‍ത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യൂ സി സി സുപ്രീം കോടതിയെ അറിയിച്ചു. സജിമോന്‍ പാറയിലിനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനും അപ്പീല്‍ നല്‍കാനുള്ള അവകാശമില്ലെന്നായിരുന്നു വനിതാ കമ്മീഷന്റെ വാദം.

Latest