National
ഹേമ കമ്മിറ്റി റിപോർട്ട്: നിര്‍മാതാവിന്റെ ഹരജിയില്‍ സര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രീംകോടതി
ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സംവിധായകന്റെ ആവശ്യം കോടതി പരിഗണിച്ചില്ല
ന്യൂഡല്‍ഹി | ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി വിധിക്കെതിരായ് സംവിധായകന്‍ സജിമോന്‍ പാറയില്‍ നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി.
അതേസമയം ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സംവിധായകന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. സ്റ്റേ ആവശ്യപ്പെട്ടുള്ള ആവശ്യത്തില്‍ മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സ്‌റ്റേ അനുവദിച്ചില്ലെങ്കില്‍ ഈ കാലയളവില്‍ കടുത്ത നടപടികളുണ്ടാവരുതെന്നും സജിമോന് വേണ്ടി അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു.എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.
ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ എ കാര്‍ത്തിക്കാണ് സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
ഹേമ കമ്മിറ്റി റിപോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്.