hema committee report
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാരവാനുകളില്‍ ഒളിക്യാമറ കണ്ടിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാരവാന്‍ ഉടമകളുടെ യോഗം കൊച്ചിയില്‍ ഇന്ന് ചേരുന്നുണ്ട്
കൊച്ചി | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ട് നിയമ നടപടികള്‍ക്ക് തയാറാകാന്‍ മൊഴി നല്‍കിയവര്‍ക്ക് പ്രയാസമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും അതിനാല്‍ കോടതിയിടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എം എല്‍ എ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചത്.
മലയാള സിനിമ സെറ്റുകളില്‍ കാരവാനുകളില്‍ ഒളിക്യാമറ കണ്ടിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ സെറ്റുകളിലെ കാരവാന്‍ ഉടമകളുടെ യോഗം കൊച്ചിയില്‍ ഇന്ന് ചേരുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പരിശോധിക്കുന്ന സാഹചര്യത്തിലാണ് യോഗം. കാരവാനില്‍ ഒളിക്യാമറ ഉപയോഗിച്ച് സെറ്റുകളിലെ സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നായിരുന്നു രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തല്‍.
ഈ വെളിപ്പെടുത്തലില്‍ കേസെടുക്കാനുളള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാരവാന്‍ ഉടമകളുടെ യോഗത്തിന് പ്രാധാന്യം ഏറെയുണ്ട്. നിര്‍മ്മാതാക്കളുടെ നേതൃത്വത്തിലാണ് വിവിധ ഷൂട്ടിംഗ് സെറ്റുകളില്‍ കാരവാന്‍ നല്‍കുന്ന ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്.