Connect with us

Kerala

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു

ഈ സര്‍ക്കാരിനെ സ്ത്രീകള്‍ എങ്ങനെ വിശ്വസിക്കുമെന്നും സതീശന്‍

Published

|

Last Updated

തിരുവനന്തപുരം |  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ .ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭ ചര്‍ച്ച ചെയ്യണമെന്നും പോക്സോ അടക്കമുള്ള കുറ്റങ്ങളില്‍ അന്വേഷണം നടത്താതെ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും നോട്ടീസില്‍ ആരോപിച്ചിരുന്നു

അതേ സമയം, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഷംസീര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദ്യം ചെയ്തു. എങ്കില്‍പ്പിന്നെ ചോദ്യം അനുവദിച്ചത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ത്രീകളെ ഇതുപോലെ ബാധിച്ച വിഷയം സഭ ചര്‍ച്ച ചെയ്യാത്തത് അപമാനകരവും സര്‍ക്കാറിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സ്പീക്കറുടെ വിവേചനാധികാരം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വാക്കൗട്ട് പ്രസംഗവും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. നിയമസഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുന്നത്. കേരള നിയമസഭ കൗരവസഭയായി മാറുകയാണോ എന്നും വിഡി സതീശന്‍ ചോദിച്ചു.

സോളാര്‍ കേസ് വിവിധ കോടതികളുടെ പരിഗണനയിലുള്ളപ്പോള്‍ എത്രയോ തവണ നിയമസഭയില്‍ ചര്‍ച്ച നടന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സഭയില്‍ ചോദ്യം വന്നപ്പോള്‍ സ്പീക്കര്‍ തന്നെയാണ് സബ്മിഷനായോ മറ്റോ ഉന്നയിക്കാന്‍ പറഞ്ഞത്.

എന്നാല്‍ ചോദ്യത്തിനും മറുപടിയില്ല, ചോദ്യം ചോദിക്കാനും സമ്മതിക്കില്ല, വിഷയം അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കും വയ്ക്കില്ല എന്നതാണ് നിലപാട്. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമില്ല.

ലൈംഗിക കുറ്റകൃത്യങ്ങളെ ഒളിച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാരിനെ സ്ത്രീകള്‍ എങ്ങനെ വിശ്വസിക്കുമെന്നും സതീശന്‍ ചോദിച്ചു

 

---- facebook comment plugin here -----