Connect with us

Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ക്രിമിനല്‍ കേസെടുക്കാവുന്ന മൊഴികളുണ്ട്; പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്നും ഹൈക്കോടതി

പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്, കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കിയ ഇടക്കാല ഉത്തവില്‍ പറയുന്നു

Published

|

Last Updated

കൊച്ചി |  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസ് എടുക്കാവുന്ന പരാതികളുണ്ടെന്നും എന്നാല്‍ പരാതിക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്നും ഹൈക്കോടതി. പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്, കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കിയ ഇടക്കാല ഉത്തവില്‍ പറയുന്നു. ഹേമ കമ്മറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി.

ഹേമ കമ്മിറ്റിക്ക് മുന്നിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. എഎഫ്‌ഐആറിലും എഫ്‌ഐഎസിലും പരാതിക്കാരുടെ പേര് മറക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. എഫ്‌ഐആര്‍, എഫ്‌ഐഎസ് പോലുള്ള രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്, കേരള പോലീസിന്റെ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാര്‍ക്ക് മാത്രമെ രേഖകള്‍ നല്‍കാവു. പ്രതിക്ക് രേഖകള്‍ നല്‍കുന്നത് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം മതിയെന്ന് കോടതി വ്യക്തമാക്കി. അന്വേഷണവുമായി മുന്നോട്ട് പോകാനാകുമോയെന്ന് എസ്‌ഐടി പരിശോധിക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം. തെളിവുകളുണ്ടെങ്കില്‍ ക്രിമിനല്‍ നടപടികളുമായി എസ്ഐടിക്ക് മുന്നോട്ടുപോകാമെന്നും അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു. മൊഴി നല്‍കാന്‍ ആരെയും എസ്ഐടി നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തില്‍ എസ്ഐടിക്ക് അന്വേഷണം നടത്താമെന്നും ഹൈക്കോടതി അറിയിച്ചു.

---- facebook comment plugin here -----

Latest