From the print
ഹേമ കമ്മിറ്റി റിപോർട്ട്: മൊഴി നൽകിയവർ സഹകരിക്കുന്നില്ല; കേസ് അവസാനിപ്പിക്കുന്നു
മൊഴി നൽകിയ പലർക്കും കേസുമായി മുന്നോട്ടുപോകാൻ താത്പര്യം ഇല്ലാത്തതിനെ തുടർന്നാണ് പോലീസിന്റെ നീക്കം

തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത 35 കേസുകൾ അവസാനിപ്പിക്കാൻ പോലീസ്. മൊഴി നൽകിയ പലർക്കും കേസുമായി മുന്നോട്ടുപോകാൻ താത്പര്യം ഇല്ലാത്തതിനെ തുടർന്നാണ് പോലീസിന്റെ നീക്കം. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് നടിമാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നത്. പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘവും രൂപവത്കരിച്ചിരുന്നു.
മൊഴി നൽകിയവർ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയെ അറിയിക്കും. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ തുടരും. ലൈംഗിക അതിക്രമത്തെക്കുറിച്ചും തൊഴിൽ ചൂഷണത്തെക്കുറിച്ചും വേതന പ്രശ്‌നത്തെക്കുറിച്ചും ഉൾപ്പെടെ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ പലരും നിയമനടപടിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. പോലീസിന് മുമ്പാകെ മൊഴി നൽകാൻ സിനിമയിൽ പ്രശ്‌നം നേരിട്ട സ്ത്രീകളോട് നോട്ടീസ് മുഖാന്തരം ആവശ്യപ്പെട്ടെങ്കിലും പലരും താത്പര്യം പ്രകടിപ്പിച്ചില്ല.
ആറ് വർഷം മുമ്പാണ് ഹേമ കമ്മിറ്റിയോട് കാര്യങ്ങൾ പറഞ്ഞത്. അന്നത്തെ സാഹചര്യം മാറിയെന്നും കേസിന് താത്പര്യമില്ലെന്നുമാണ് പലരുടെയും മറുപടി. ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ രംഗത്ത് പരാതികളുടെ പ്രളയമായിരുന്നു. സംവിധായകൻ രഞ്ജിത്ത്, നടൻമാരായ സിദ്ദീഖ്, മുകേഷ്, ജയസൂര്യ എന്നിവരുൾപ്പെടെ നാൽപ്പതിലേറെ പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.