National
ഹേമന്ദ് സോറനെ അഞ്ചു ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു; ഇടപെടാന്‍ തയ്യാറാകാതെ സുപ്രീം കോടതി
ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
ന്യൂഡല്‍ഹി | ഭൂമിതട്ടിപ്പ് കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അഞ്ചു ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഇ ഡി യുടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ജെ എം എം നേതാവിനോട് ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ്, ബെല എം ത്രിവാഡി എന്നിവരടങ്ങിയ പ്രത്യേക ബഞ്ച് ആവശ്യപ്പെട്ടു. ഇ ഡി യുടെ സമന്‍സ് തള്ളാനും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും ആവശ്യപ്പെട്ടാണ് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ബുധനാഴ്ചയാണ് സോറനെ ഭൂമികുംഭകോണ കേസില്‍ അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിന് മുമ്പ് സോറന്‍ ജെ എം എം നേതാവായ ചെംപൈ സോറനെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചിരുന്നു. ചെംപൈ സോറന്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.