hemanth soran
ഹേമന്ദ് സോറനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു
600 കോടി രൂപയുടെ ഭൂമി കുംഭകോണത്തിൽ സോറന് നേരിട്ട് പങ്കുണ്ടെന്ന് ഏജൻസി
റാഞ്ചി | ഭൂമി കുംഭകോണ കേസില്‍ ഇ ഡി അറസ്റ്റ് ചെയ് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇന്ന് രാവിലെ അന്വേഷണ സംഘം അദ്ദേഹത്തെ റാഞ്ചിയിലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. സോറനെ പത്ത് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹരജി കോടതി നാളെ പരിഗണിക്കും. 600 കോടി രൂപയുടെ ഭൂമി കുംഭകോണത്തിൽ സോറന് നേരിട്ട് പങ്കുണ്ടെന്നാണ് ഏജൻസി പറയുന്നത്.
അതേസമയം, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചു. ഇഡി അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സോറൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹർജി പരിഗണിക്കും.
ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഹേമന്ദ് സോറനെ ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനൊടുവില്‍ ഹേമന്ദ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.