Connect with us

National

ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡിലെ മുഖ്യമന്ത്രിക്കസേരയില്‍ തിരികെയെത്തുന്നത്

Published

|

Last Updated

റാഞ്ചി |  ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വീണ്ടും  സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡിലെ മുഖ്യമന്ത്രിക്കസേരയില്‍ തിരികെയെത്തുന്നത്. ഝാര്‍ഖണ്ഡിലെ 13 ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. റാഞ്ചിയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍  സിപി രാധാകൃഷ്ണന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് ഹേമന്ത് സോറനായി ചംബൈ സോറന്‍  മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞത്.ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്ത്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചംബൈ സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു.ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു.

പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഒക്ടോബറില്‍ ഝാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ സഖ്യത്തിന്റെ പുതിയ നീക്കം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറന്‍ ഇ ഡി കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇദ്ദേഹത്തെ കഴിഞ്ഞ ജനുവരിയിലാണ് ഇ ഡി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 8.86ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest