Connect with us

National

ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

81 അംഗ സഭയിൽ 56 സീറ്റുകൾ നേടിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം അധികാരത്തുടർച്ച നേടിയത്.

Published

|

Last Updated

റാഞ്ചി | ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ ഝാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ മൊറാദാബാദ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

81 അംഗ സഭയിൽ 56 സീറ്റുകൾ നേടിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം അധികാരത്തുടർച്ച നേടിയത്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പാർട്ടി 41 സീറ്റുകളിൽ വിജയിച്ചപ്പോൾ 34 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ആർജെഡിയും സിപിഐഎംഎല്ലും യഥാക്രമം ആറ്, നാല് സീറ്റുകൾ നേടി.

49കാരനായ ഹേമന്ത് സോറൻ 2009 ൽ എംഎൽഎ ആകുന്നതിന് മുമ്പ് രാജ്യസഭയിൽ ഹ്രസ്വകാലം പ്രവർത്തിച്ചിരുന്നു. 2010 മുതൽ 2013 വരെ ജെഎംഎം ബിജെപിയുമായി സഖ്യത്തിലായിരുന്നപ്പോൾ അദ്ദേഹം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് 2013 ൽ ജെഎംഎം കോൺഗ്രസുമായും ആർജെഡിയുമായും സഖ്യമുണ്ടാക്കിയതോടെ അദ്ദേഹം മുഖ്യമന്ത്രിയായി. 2014 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരികയും സോറൻ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുകയും ചെയ്തു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎംഎം-കോൺഗ്രസ് സഖ്യം വിജയിക്കുകയും സോറൻ മുഖ്യമന്ത്രിയായി രണ്ടാം തവണയും സ്ഥാനമേൽക്കുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ വർഷം ആദ്യം ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി അന്വേഷണ ഏജന്സികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് സോറൻ ആരോപിച്ചു. അറസ്റ്റിന് മുന്നോടിയായി അദ്ദേഹം രാജിവയ്ക്കുകയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ചമ്പായി സോറൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. ആറുമാസത്തിലേറെ നീണ്ട ജയിൽ വാസത്തിനു ശേഷം സോറന് ജാമ്യം ലഭിച്ചു.

Latest