National
ഹേമന്ത് സോറന്‍ അറസ്റ്റില്‍; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
ചന്പൈ സോറൻ മുഖ്യമന്ത്രിയാകുമെന്ന് ജെ എം എം.
ന്യൂഡല്‍ഹി | അനധികൃത ഭൂമിയിടപാട് കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) നേതാവിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്.
ഹേമന്ത് സോറന്‍ കസ്റ്റഡിയിലാണെന്നും ഇ ഡി സംഘത്തിനൊപ്പമെത്തി അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചുവെന്നും ജെ എം എം. എം പി മഹുവ മാജി നേരത്തേ സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന നേതാവും ഗതാഗത മന്ത്രിയുമായ ചന്‌പൈ സോറന്‍ പകരം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. നിയമസഭയില്‍ പാര്‍ട്ടിക്ക് മതിയായ ഭൂരിപക്ഷമുണ്ടെന്നും അവര്‍ പറഞ്ഞു. ചന്‌പൈ സോറന്‍ രാജ്ഭവനിലെത്തി സര്‍ക്കാറിന്റെ ചുമതല ഏറ്റെടുക്കാനുള്ള അവകാശവാദം ഉന്നയിച്ചു. കോണ്‍ഗ്രസ്സ്, ആര്‍ ജെ ഡി. എം എല്‍ എമാര്‍ ജെ എം എമ്മിനൊപ്പം ഉറച്ചുനില്‍ക്കും. നിയമസഭാ കക്ഷി നേതാവായി ചന്‌പൈയെ തിരഞ്ഞെടുത്തെന്ന് സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍ വ്യക്തമാക്കി.
നേരത്തേ, സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ ഈ നീക്കം ജെ എം എം ഉപേക്ഷിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം പോലും ഇല്ലാത്ത സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നതാണ് കാരണമായി പറയുന്നത്. അങ്ങനെയെങ്കില്‍ കല്‍പ്പന മുഖ്യമന്ത്രിയായി ചുമതലയേറ്റാല്‍ പോലും അവര്‍ക്ക് എം എല്‍ എയാകാന്‍ കഴിയില്ലെന്ന് പാര്‍ട്ടി വിലയിരുത്തി.
കനത്ത സുരക്ഷക്ക് നടുവിലാണ് ഉദ്യോഗസ്ഥര്‍ ഹേമന്ത് സോറനെ ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ വസതിക്ക് മുന്നില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സോറന്റെ പരാതിയില്‍ പട്ടിക ജാതി- വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരം ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഝാര്‍ഖണ്ഡ് പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് സോറനെ ഇ ഡി ഉദ്യോഗസ്ഥര്‍ ഇന്നലെ ചോദ്യം ചെയ്തത്. തിരച്ചില്‍ നടക്കുന്‌പോഴും ഹേമന്ത് സോറനെ കാണാനില്ലെന്ന് ഇ ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.