Health
ഹെപ്പറ്റൈറ്റിസ് എ: കരളിനെ ബാധിക്കുന്ന വൈറസ് രോഗം
വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് പതിനഞ്ച് മുതല്‍ അമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
ഹെപ്പറ്റൈറ്റിസ് എ വൈറസ് അഥവാ എച്ച്എവി മൂലമുണ്ടാകുന്ന ഗുരുതരമായ സാംക്രമിക കരള്‍ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. രോഗിയുടെ മലം, ഉമിനീര്‍ പോലുള്ളവയുമായുള്ള സമ്പര്‍ക്കത്തിലൂടേയും മലിനമായ ഭക്ഷണം, വെള്ളം, ഐസ് എന്നിവ കഴിക്കുന്നതിലൂടേയും ഹെപ്പറ്റൈറ്റിസ് എ മറ്റൊരാളിലേക്ക് പകരും. രോഗിയുടെ ടവലുകള്‍, രോഗി ഭക്ഷണം കഴിച്ച ശേഷം ശരിയായ ശുചീകരിക്കാത്ത പാത്രങ്ങള്‍ പോലുള്ളവ ഉപയോഗിക്കുന്നതിലൂടേയും രോഗം പകരാവുന്നതാണ്.
രക്തപരിശോധനയിലൂടെ ഈ വൈറസിനെതിരായ ആന്റിബോഡികള്‍ കണ്ടെത്തുക, കരള്‍ പ്രവര്‍ത്തന പരിശോധനയിലൂടെ കരള്‍ എന്‍സൈമിന്റെ അളവ് വിലയിരുത്തുക എന്നീ രണ്ടു മാര്‍ഗ്ഗങ്ങളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് പതിനഞ്ച് മുതല്‍ അമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതിയായ ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെടാം.
കറുത്ത നിറത്തിലോ, കൂടിയ മഞ്ഞനിറത്തിലോ മൂത്രം പോവുക, വിളറിയതുപോലുള്ള മലം കാണപ്പെടുക എന്നിവ കൂടാതെ, ചര്‍മ്മത്തിലും കണ്ണുകളിലും, നഖത്തിനടിയിലും മഞ്ഞനിറം കാണപ്പെടുന്നതും രോഗലക്ഷണങ്ങളില്‍ പെടുന്നു. രോഗം മൂര്‍ച്ഛിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ട്. കരളിന്ഗുരുതരപ്രശ്‌നങ്ങളുണ്ടാവുകയും രോഗിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. സ്ഥിരമായ കരള്‍ രോഗങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ആവര്‍ത്തിച്ചു വരുന്നതാണ് മറ്റൊരു സങ്കീര്‍ണ്ണത. ഇതും കരളിന് ഭീഷണിയാണ്. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിലും ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തെ വര്‍ദ്ധിപ്പിക്കുന്നതിലുമാണ് ചികിത്സയുടെ പ്രവര്‍ത്തനം.
ധാരാളം വിശ്രമിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുക, ചില വേദന സംഹാരികളിലൂടെ വേദനയ്ക്ക് ആശ്വാസം പകരുക, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം നിര്‍ദ്ദേശിക്കുക വഴി വൈറസിനെ ചെറുക്കാനുള്ള പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയും ചികിത്സയുടെ ഭാഗമാണ്. എച്ച്എവിക്കെതിരെ മുന്‍കരുതലയി വാക്‌സിനേഷന്‍ ലഭ്യമാണ്.
ഇടയ്ക്കിടെ കൈ കഴുകുന്നത് പോലുള്ള മാര്‍ഗങ്ങളിലൂടെ നല്ല ശുചിത്വം ശീലമാക്കുക. ഭക്ഷണം, വെള്ളം എന്നിവ രോഗാണുമുക്തമെന്ന് ഉറപ്പുവരുത്തുക. പച്ചവെള്ളവും തണുത്തതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കരള്‍ വീക്കം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതിനാല്‍ അത്തരം ഭക്ഷണങ്ങളും എരിവുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ആമാശയത്തെ പ്രകോപിപ്പിക്കുകയും രോഗലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യുന്നതിനാല്‍, ഇവ രണ്ടും ഒഴിവാക്കുക. ലളിതവും എണ്ണമയമില്ലാത്തതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് രോഗകാലത്ത് അഭികാമ്യം! രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളവും ലളിതമായ ഭക്ഷണവും കഴിച്ചു വിശ്രമിക്കുക , ദിവസങ്ങള്‍ കഴിഞ്ഞ് പരിശോധനയിലൂടെ വൈറസിന്റെ സാന്നിദ്ധ്യം വിലയിരുത്തുകയും ചെയ്യുക. രോഗമുക്തിക്കായി ഒരു ഡോക്ടറുടെ സഹായം തേടുക.