womens day
അവളുടെ സുരക്ഷ കൂട്ടുത്തരവാദിത്വമാണ്
ഈ വര്‍ഷത്തെ വനിതാദിനം കടന്നു പോകുന്നത് റഷ്യ – യുക്രൈന്‍ യുദ്ധമുഖത്തിലൂടെയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ അനിവാര്യതയെ കുറിച്ചും അതിലൂടെ സമൂഹം ആര്‍ജിച്ചെടുക്കുന്ന നവോത്ഥാന മൂല്യത്തെക്കുറിച്ചും പറയാത്ത ഒരു രാഷ്ട്രീയക്കാരും ലോകത്തില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീസ്വാതന്ത്ര്യത്തിന് പരിഷ്‌കാരത്തിന്റെയും പരിഷ്‌കരണത്തിന്റെയും മേല്‍വിലാസം ഉണ്ടെങ്കിലും എവിടെയും ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും ഇര സ്ത്രീകള്‍ തന്നെ. ഈ പശ്ചാത്തലത്തിലാണ് 2022ലെ സാര്‍വദേശീയ വനിതാദിനം കടന്നുവരുന്നത്. റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിന്‍ യുദ്ധത്തിന്റെ ഉന്മാദത്തില്‍ അലറി ജീവിക്കുമ്പോഴും സ്ത്രീസുരക്ഷയെ കുറിച്ച് ചിലപ്പോള്‍ പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം ദേശത്തെ സര്‍വ സമ്പത്തും ഉപേക്ഷിച്ച് കൊടും തണുപ്പില്‍ അതിര്‍ത്തിയിലേക്ക് പലായനം ചെയ്യുന്ന സ്ത്രീകളെ അയാള്‍ മറക്കും. ആ അഭയാര്‍ഥി പ്രവാഹത്തില്‍ പ്രായമുള്ളവര്‍, രോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ ഒക്കെയും തികച്ചും അപരിചിതമായ ഒരിടത്താണ് അഭയം തേടിപ്പോകുന്നത്. അപ്പോഴും ഐക്യരാഷ്ട്ര സഭ ലിംഗസമത്വത്തിലൂടെ സുസ്ഥിര വികസനം എന്ന ആശയത്തിലൂടെ ലോക വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയും.
കലാപങ്ങളിലും യുദ്ധങ്ങളിലും ശാരീരിക ചൂഷണത്തിന് സ്ത്രീകള്‍ ഇരകളാകുന്നു. അപ്പോഴൊന്നും സ്ത്രീസുരക്ഷ എന്ന ചിന്ത ആണിന്റെ കാമതൃഷ്ണക്ക് മുമ്പില്‍ തെളിഞ്ഞുവരാറില്ല. മറിച്ച് കീഴ്‌പ്പെടുത്തലിന്റെയും കീഴടങ്ങലിന്റെയും മാംസ ശരീരമായി സ്ത്രീ മാറുന്നു.
പുരോഗമന സമൂഹത്തിന്റെ മൂല്യബോധത്തെ അളന്നെടുക്കുമ്പോള്‍ നാം അനുഭവിക്കുന്ന ഭൗതിക നേട്ടങ്ങള്‍ക്ക് വലിയ സ്ഥാനം നല്‍കാറുണ്ട്. എന്നാല്‍ അതേ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെയും അനീതികളെയും തെറ്റായ അസമത്വത്തെയും ബോധപൂര്‍വം നമ്മള്‍ മറന്നുകളയുന്നു. അല്ലെങ്കില്‍ അതിന്റെ കാരണങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഈ നടിപ്പില്‍ നിരന്തരം ചവിട്ടിത്താഴ്ത്തപ്പെടുന്ന വര്‍ഗമാണ് സ്ത്രീ.
ഓരോ മണിക്കൂറിലും ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ രണ്ട് രീതിയിലാണ് നേരിട്ടുള്ള ശാരീരിക, മാനസിക അതിക്രമങ്ങളുടെ ഇരകളാകുന്നത്. ഒന്ന് ജാതിയുടെ പേരിലും മറ്റൊന്ന് പാര്‍ശ്വവത്കൃത വിഭാഗം എന്ന രീതിയിലും. ഇത് രണ്ടിനും പുറത്ത് പുരുഷ കേന്ദ്രീകൃത അധികാരവും അതിനെ വ്യാപനം ചെയ്യുന്ന ഭരണകൂടവും സ്ത്രീകളോട് ഒരിക്കലും ദയാപൂര്‍വമായ സമീപനം സ്വീകരിക്കാറില്ല.
ലോകത്ത് നടക്കുന്ന എല്ലാ ദുരന്തങ്ങളുടെയും ആദ്യ ഇര സ്ത്രീകളും കുട്ടികളുമായിരിക്കും. പ്രകൃതിദുരന്തം, യുദ്ധം, വംശീയത തുടങ്ങിയ എല്ലാത്തിന്റെയും ഇര 80 ശതമാനവും സ്ത്രീകളാണ്. ലോകത്തെ 1-3 ശതകോടി അതിദാരിദ്ര്യം അനുഭവിക്കുന്നവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇങ്ങനെയുള്ള യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറല്ല. എന്നാല്‍ അവര്‍ എപ്പോഴും സ്ത്രീസുരക്ഷയെക്കുറിച്ച് പറയും. അപ്പോഴും ഇരകളാക്കപ്പെടുന്നവരുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ അധികാരത്തിന്റെ വ്യത്യസ്ത സാമൂഹിക ഉപകരണം കൊണ്ട് തകര്‍ക്കാന്‍ അവര്‍ തന്നെ തയ്യാറാകും. ഇതിനെ പ്രതിരോധിക്കല്‍ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ്.