First Gear
കൊമ്പുകുലുക്കി വരുന്നു, മഹീന്ദ്രയുടെ കരുത്തൻ
എവരിതിങ് യു വാണ്ട് ആന്റ് മോർ (നിങ്ങള്‍ ആഗ്രഹിക്കുന്നതും അതിലേറെയും) എന്ന ടാഗ് ലൈനോടെ എത്തുന്ന എക്സ്‌യുവി 3എക്സ്ഒയിൽ വാഹനപ്രേമികൾ ആഗ്രഹിക്കുന്നതിലും അധികം ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ | ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുതിയ കരുത്തൻ ഉടൻ നിരത്തിലെത്തും. എക്സ്‌യുവി 3എക്സ്ഒ എന്ന പേരിലുള്ള അത്യാധുനിക എസ്‌യുവി ഈ മാസം 29നാണ് ആഗോള ചടങ്ങില്‍ പുറത്തിറക്കുന്നത്.
എവരിതിങ് യു വാണ്ട് ആന്റ് മോർ (നിങ്ങള്‍ ആഗ്രഹിക്കുന്നതും അതിലേറെയും) എന്ന ടാഗ് ലൈനോടെ എത്തുന്ന എക്സ്‌യുവി 3എക്സ്ഒയിൽ വാഹനപ്രേമികൾ ആഗ്രഹിക്കുന്നതിലും അധികം ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളിലെ ആധുനിക സാങ്കേതികവിദ്യകളിൽ ഒരു പുതിയ മുന്നേറ്റം മഹീന്ദ്ര ലക്ഷ്യമിടുന്നുവെന്ന് ഉറപ്പ്. വാഹനത്തിന്റെ പ്രമോ വീഡിയോ ഇതിനകം പുറത്തുവന്നു.
ആവേശകരമായ പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, എല്ലാം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പ്പന, സമാനതകളില്ലാത്ത സുരക്ഷ എന്നിവ എക്സ്‌യുവി 3എക്സ്ഒ ഉറപ്പുനൽകുന്നു. പ്രമോ വീഡിയോകളും ഇതാണ് വ്യക്തമാക്കുന്നത്. വാഹനത്തിന് പുതിയ ഹെഡ്‌ലാമ്പുകളും പുതിയ ഗ്രില്ലും പുതിയ ബമ്പറുകളും ലഭിക്കുമെന്ന് വീഡിയോ സൂചിപ്പിക്കുന്നു. കൂടാതെ, എക്സ്യുവി 700ന് സമാനമായ ഡിആർഎൽ സജ്ജീകരണവും ഇതിനൊപ്പം വരുന്നു.
റിമോർട്ട് ക്ലൈമറ്റ് കൺട്രോൾ, ഏറ്റവും നീളമേറിയ സ്‌കൈ റൂഫ്, അത്യാധനുിക ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്. പവർട്രെയിനിന്റെ കാര്യത്തിൽ 108 ബിഎച്ച്പിയും 200 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2-ലിറ്റർ ടർബോ-പെട്രോൾ മോട്ടോറും 128 ബിഎച്ച്പിയും 230 ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ മോട്ടോറും ഉൾപ്പെടുന്ന എഞ്ചിനുകൾ വാഹനത്തിൽ നിലനിർത്തുമെന്നാണ് സൂചന. ഇതിനൊരു ഡീസൽ വേർഷനും ഉണ്ടാവാനിടയുണ്ട്.
മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തിലായിരിക്കും പുതിയ എസ്‌യുവിയുടെ നിര്‍മാണം.