Connect with us

Kozhikode

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഇവിടെ ഒരു നിശ്ശബ്ദ സേവകന്‍

ആയിരത്തി അഞ്ഞൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്ന പ്രവൃത്തിയിലാണ് മലയോരത്തെ ഒരു പൊതുപ്രവര്‍ത്തകന്‍

Published

|

Last Updated

മുക്കം | അതിഭീകരമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ആയിരത്തി അഞ്ഞൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്ന പ്രവൃത്തിയിലാണ് മലയോരത്തെ ഒരു പൊതുപ്രവര്‍ത്തകന്‍. കൊടിയത്തൂര്‍ സ്വദേശി നാസര്‍ കൊളായി ആണ് യുദ്ധം തുടങ്ങിയത് മുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കി നിരന്തരമായി അവരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തന്റെ വീട്ടില്‍ ഇതുതന്നെയാണ് ഇദ്ദേഹത്തിന് പണി. ഏതുസമയവും ഫോണില്‍ വരുന്ന സന്ദേശം കേട്ടുകൊണ്ടിരിക്കുന്നു. തിരിച്ച് അവര്‍ക്ക് മറുപടി നല്‍കുന്നു.
യുക്രൈനിലെ സപ്രോഷി മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 1,500 ഓളം വിദ്യാര്‍ഥികള്‍ക്കാണ് പ്രഭാഷകന്‍ കൂടിയായ നാസര്‍ കൊളായി ആശ്വാസം പകരുന്നത്. ഇവരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നതോടൊപ്പം അവരുടെ രക്ഷക്കായി അധികൃതരെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ ജില്ലക്കാരായ 540 മലയാളി വിദ്യാര്‍ഥികളുൾപ്പെടെയുള്ള സംഘത്തിനാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി ഇദ്ദേഹം പിന്തുണ നല്‍കുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ നാട് വിദ്യാർഥികളുടെ കൂടെയുണ്ടെന്ന ആത്മവിശ്വാസം യുദ്ധഭൂമിയില്‍ പിടിച്ചുനിര്‍ത്താന്‍ സഹായകമാകുമെന്ന് നാസര്‍ കൊളായി പറയുന്നു. അവരുടെ ഭാഗത്ത് നിന്ന് കിട്ടുന്ന വാര്‍ത്തകളും അഭ്യര്‍ഥനകളും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും വാട്‌സാപ്പ് വഴിയും പുറം ലോകത്തേക്ക് എത്തിച്ചുകൊണ്ടേയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി സഹായങ്ങളും പിന്തുണയും ലഭ്യമാകുന്നുണ്ട്. ഇവയെല്ലാം അവരുമായി പങ്കുവെക്കുമ്പോള്‍ വലിയ ആശ്വാസമുള്ളതായി വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു.

സുഹൃത്തായ എ എം സുനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഏതെങ്കിലും രീതിയില്‍ സഹായിക്കാനാകുമോ എന്ന് അന്വേഷിച്ചതോടെയാണ് ഇവരുടെ കാര്യത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളെ ബന്ധപ്പെട്ട് പിന്തുണ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി വിദ്യാർഥികളെ ബന്ധപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്. എളമരം കരീം എം പിയുമായും നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി രാമകൃഷ്ണനുമായും ഇവരെ ബന്ധപ്പെടുത്തിക്കഴിഞ്ഞു. നാട്ടിലുള്ള ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ ഇദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.

മൂന്ന് ദിവസത്തോളം ബങ്കറില്‍ കഴിഞ്ഞ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം താമസസ്ഥലത്ത് നിന്ന് ഹംഗറിയിലേക്ക് ട്രെയിന്‍ മാര്‍ഗം പുറപ്പെട്ട് ഇരുപത് മണിക്കൂറിലേറെയുള്ള യാത്രക്കൊടുവില്‍ ഹംഗറിയിലെത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഹംഗറിയിലെ ഇന്ത്യന്‍ എംബസി മുഖേന നാട്ടിലേക്ക് മടങ്ങാനുള്ള എമിഗ്രേഷന്‍ നടപടിയിലാണെന്നാണ് അവസാനം ലഭിച്ച വിവരം. യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു വലിയ സംഘത്തിന് തന്നാലാകും വിധമുള്ള സഹായം ചെയ്ത് നല്‍കിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നാസര്‍.

ഈ സംഘമുള്‍പ്പടെയുള്ള മുഴുവന്‍ ഇന്ത്യക്കാരും ജന്മനാട്ടില്‍ സുരക്ഷിതമായി എത്തിയെന്ന ശുഭ വാര്‍ത്തക്കായി കാത്തിരിക്കുകയാണ് അദ്ദേഹം. ഗള്‍ഫ് യുദ്ധക്കാലത്ത് പ്രവാസിയായിരുന്ന തനിക്ക് നാട്ടില്‍ നിന്ന് വന്നിരുന്ന ആശ്വാസവാക്കുകളുടെ വില നന്നായറിയാമെന്നും ഈ അനുഭവമാണ് തന്നെ ഇത്തരത്തിലൊരു പ്രവൃത്തിക്ക് പ്രേരിപ്പിച്ചതെന്നും നാസര്‍ കൊളായി പറയുന്നു.

Latest