Connect with us

vd savarkar

സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചതിന് ഇതാ തെളിവുകൾ

മാപ്പപേക്ഷ സവർക്കറുടെ തന്ത്രമായിരുന്നെന്നും തൻ്റെ ആത്മകഥയിൽ അദ്ദേഹം തന്നെ മാപ്പപേക്ഷ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വാദത്തെയും ഗോപീകൃഷ്ണൻ ഖണ്ഡിക്കുന്നുണ്ട്.

Published

|

Last Updated

ഹിന്ദുത്വയുടെ പിതാവ് എന്നറിയപ്പെടുന്ന വിനായക് ദാമോദർ സവർക്കർ എന്ന വി ഡി സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷ നടത്തിയതിന് തെളിവുകളുണ്ടോയെന്നത് എക്കാലവും സംഘപരിവാർ നടത്തുന്ന വെല്ലുവിളിയാണ്. സവർക്കറുടെ ജയിൽവാസവും മാപ്പപേക്ഷയും ചർച്ചയാകുമ്പോഴെല്ലാം ഈ ചോദ്യം സംഘപരിവാരം ഉയർത്താറുണ്ട്. മാപ്പ് പറയാൻ ഞാൻ സവർക്കറല്ല, ഗാന്ധിയാണ് എന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ് മാപ്പപേക്ഷ വീണ്ടും ചർച്ചയായത്. സവർക്കറിൻ്റെ ചെറുമകനാണ് ഇത്തവണ വെല്ലുവിളിയുമായി രംഗത്തെത്തിയത്. എന്നാൽ, മാപ്പപേക്ഷ നടത്തിയതിനുള്ള തെളിവുകൾ സാമൂഹികമാധ്യമങ്ങളിൽ നിറയുകയാണ്. കവി പി എൻ ഗോപീകൃഷ്ണനാണ് സാമൂഹിക മാധ്യമത്തിൽ തെളിവുകൾ കൊണ്ടുവന്നത്. മാപ്പപേക്ഷ സവർക്കറുടെ തന്ത്രമായിരുന്നെന്നും തൻ്റെ ആത്മകഥയിൽ അദ്ദേഹം തന്നെ മാപ്പപേക്ഷ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വാദത്തെയും ഗോപീകൃഷ്ണൻ ഖണ്ഡിക്കുന്നുണ്ട്. രണ്ട് പോസ്റ്റുകളും താഴെ ചേർക്കുന്നു:

സവർക്കറുടെ മാപ്പപേക്ഷ എഴുതിയതായി തെളിയിക്കാൻ ബെറ്റുവെയ്ക്കുന്നതായി ഒരു സന്ദേശം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലും ഒക്കെ ചുറ്റിക്കറങ്ങുന്നുണ്ട്. സവർക്കർ എഴുതിയ മാപ്പപേക്ഷകളിലെ ചില ഭാഗങ്ങൾ താഴെ കൊടുക്കുന്നു. ആ മാപ്പപേക്ഷകളെല്ലാം ബ്രിട്ടീഷ് ആർക്കൈവ്സിൽ ഉണ്ട്. അവയുടെ മുഴുവനായുള്ള മലയാള വിവർത്തനം വായിക്കണമെങ്കിൽ ഈ ലേഖകൻ Navamalayali Magazine ൽ എഴുതി വരുന്ന ” ഹിന്ദുത്വത്തിന്റെ കഥ വായിച്ചാൽ മതി.

മാപ്പപേക്ഷകൾ പരിഗണിച്ച് ജയിൽ വിമുക്തമാക്കുക മാത്രമല്ല ബ്രിട്ടീഷുകാർ ചെയ്തത്. 1929 മുതൽ 1937 വരെ പ്രതിമാസം 60 രൂപ ധനസഹായവും നൽകി.
മാപ്പപേക്ഷകളുടെ സാമ്പിളുകൾ
……………………………………………………………
1.1913 നവംബർ 14 ലെ മാപ്പപേക്ഷയിൽ നിന്ന് :
ഭരണഘടനാപരമായ മാർഗ്ഗത്തിലേയ്ക്കുള്ള എൻ്റെ മാറ്റം ,ഇന്ത്യയിലേയും വിദേശത്തേയും തെറ്റായി നയിക്കപ്പെട്ട ,ഒരിക്കൽ എന്നെ മാർഗ്ഗനിർദ്ദേശകനായിക്കണ്ട, ചെറുപ്പക്കാരെ മുഴുവൻ ഭരണഘടനാ മാർഗ്ഗത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നതാണ്. (ബ്രിട്ടീഷ് ) ഗവണ്മെൻ്റിനെ അവരിഷ്ടപ്പെടുന്ന ഏതു നിലയ്ക്കും സേവിക്കാൻ ഞാൻ തയ്യാറാണ്. കാരണം എൻ്റെ മാറ്റം പൂർണ്ണാർത്ഥത്തിലുള്ള ഒന്നായതിനാൽ ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. എന്നെ ജയിലിൽ ഇടുന്നത്, അങ്ങനെയല്ലെങ്കിൽ ലഭിക്കുന്ന ഗുണങ്ങളോട് ഒരു തരത്തിലും താരതമ്യപ്പെടുത്താൻ പറ്റാത്തതാണ്. ധീരർക്ക് മാത്രമേ ദയാലുക്കളാകാൻ പറ്റൂ. അതിനാൽ ഗവണ്മെൻ്റിൻ്റെ രക്ഷാകർത്തൃത്വത്തിൻ്റെ വാതിലുകൾ അല്ലാതെ വേറെ എവിടേയ്ക്കാണ് ധൂർത്ത പുത്രന് മടങ്ങാൻ സാധിക്കുക?
2.1914 ഒക്ടോബറിലെ മാപ്പപേക്ഷയിൽ നിന്ന് :
( എന്നെ വിമോചിപ്പിക്കുക വഴി ) ശക്തിയുള്ളവർക്കാണ് പൊറുക്കാനും മറക്കാനും കഴിയുക എന്ന് തെളിയിക്കാനുമാകും.
3.1917 ഒക്ടോബർ 5 ന് എഴുതിയ മാപ്പപേക്ഷയിൽ നിന്ന് :
കൂട്ടത്തിൽ ഒരാളെന്ന നിലയ്ക്ക് എനിക്കും പറയാൻ കഴിയും ഞാൻ അറിയുന്നവരിൽ ഭൂരിപക്ഷം പേർക്കും (ബ്രിട്ടീഷ് ) സാമ്രാജ്യത്തോട് തരിമ്പു പോലും ശത്രുത ഇല്ല.
4. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കും റൗളറ്റ് ആക്റ്റ് എന്ന കരിനിയമത്തിനും ശേഷം 1920 മാർച്ച് 20ന് സമർപ്പിച്ച മാപ്പപേക്ഷയിൽ നിന്ന് :
അതിനാൽ ഉദ്യോഗസ്ഥരുടേയും മറ്റും കൊലപാതകത്തിൻ്റെ ഗൂഢാലോചനയിൽ പങ്കെടുത്തതിന് കുറേക്കൂടി അഗാധമായ കുറ്റസമ്മതം നടത്തിയ ബാരിനും (ബാരിൻ ഘോഷ് ) ഹേമിനും (ഹേം ചന്ദ്രദാസ്) നൽകിയ അതേ മാപ്പ് എന്നിലേയ്ക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ഞാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ….
നിശ്ചിതവും യുക്തവുമായ ഒരു കാലത്തേയ്ക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ല എന്ന പ്രതിജ്ഞയെടുക്കാൻ എനിക്കും എൻ്റെ സഹോദരനും പൂർണ്ണസമ്മതമാണ്.
5. 1921 ആഗസ്റ്റ് 19 ന് സമർപ്പിച്ച മാപ്പപേക്ഷയിൽ നിന്ന് :
അങ്ങേയ്ക്ക് മുമ്പാകെ അപേക്ഷകൻ ഉറപ്പു തരുന്നതെന്തെന്നാൽ കുറ്റകൃത്യത്തിൻ്റെ നാളുകളിലെ ആളല്ല ഇപ്പോൾ അപേക്ഷകൻ. അക്കാലത്ത് അയാൾ ചെറിയ കുട്ടിയായിരുന്നു. അന്നുമുതൽ അവൻ വളർന്നത് പ്രായത്തിൽ മാത്രമല്ല ,അനുഭവത്തിൽ കൂടിയുമാണ്. മാത്രമല്ല ,ഇനിയൊരിക്കലും രാഷ്ട്രീയ മോഹങ്ങളുടെ ചുഴിയിൽ വീണ് ഇതിനകം ലഭിക്കേണ്ടിയിരുന്ന ഉജ്ജ്വലമായ പദവി നശിപ്പിക്കില്ലെന്നും അപേക്ഷകൻ പശ്ചാത്തപിക്കുന്നു.
അതേ സമയം ഗവണ്മെൻ്റ് പക്ഷത്ത് എന്തെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ അത് ദുരീകരിക്കുന്നതിന് വേണ്ടി അപേക്ഷകൻ ഒരു തരം രാഷ്ട്രീയത്തിലും ഒരു പങ്കാളിത്തവും വഹിക്കുകയില്ല എന്ന കാര്യം ഉത്തമ വിശ്വാസത്തോടെ പ്രതിജ്ഞ ചെയ്യുന്നു. …. അതിനാൽ (ബ്രിട്ടീഷ് ) ഇന്ത്യാ ഗവണ്മെൻ്റ് അനുശാസിക്കുന്ന ഏത് തരം നിശ്ചിതവും യുക്തിസഹവുമായ നിബന്ധനകൾ ഏറ്റെടുക്കാനും ആത്മാർത്ഥമായി നടപ്പിൽ വരുത്താനും അപേക്ഷകൻ സമ്മതം അറിയിക്കുന്നു.
6.1924 ജനുവരി 6 ന് ജയിൽ വിമുക്തനായപ്പോൾ എഴുതിക്കൊടുത്ത പ്രസ്താവന :

” എനിക്ക് മെച്ചപ്പെട്ട വിചാരണയും നീതിയുക്തമായ വിധിയും ലഭിക്കുകയുണ്ടായെന്നും കഴിഞ്ഞ നാളുകളിൽ അഭയം തേടിയിരുന്ന അക്രമമാർഗ്ഗങ്ങളെ ഞാൻ ആത്മാർത്ഥമായി തള്ളിക്കളയുന്നുവെന്നും എൻ്റെ എല്ലാ ശക്തിയുമുപയോഗിച്ച് നിയമവും ഭരണഘടനയും ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വത്തോട് ഞാൻ പ്രതിബദ്ധനാണെന്നും ( ഗവണ്മെൻ്റിൻ്റെ ) പരിഷ്ക്കരണ നടപടികളെ വിജയിപ്പിക്കാൻ ഇതുവരെ പ്രവർത്തിച്ച പോലെ തന്നെ അനുവദിക്കുകയാണെങ്കിൽ ഭാവിയിലും പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ ബോധ്യപ്പെടുത്തുന്നു. “

1911 മുതൽ 1921 വരെയാണ് സവർക്കർ ആൻഡമാനിൽ ജയിൽവാസം അനുഷ്ഠിച്ചത്. ആ ജയിൽവാസത്തെക്കുറിച്ച് അദ്ദേഹം 1927 ൽ മറാത്തി ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളാണ് ‘ മാജി ജന്മടേപ് ‘(എൻ്റെ നാടുകടത്തൽ )എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം . അതിൽ താൻ സമർപ്പിച്ച മാപ്പപേക്ഷകളെ കുറിച്ച് ഒരു വരി പോലും ഇല്ല .

മാപ്പപേക്ഷകൾ സമർപ്പിച്ചത് സവർക്കറുടെ തന്ത്രമായിരുന്നുവെന്നും സവർക്കർ തന്നെയാണ് അതിനെപ്പറ്റി ആത്മകഥയിലൂടെ വെളിപ്പെടുത്തിയെന്നും ഇപ്പോൾ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത് ഇതാണ്

Latest